മാന്നാർ; പമ്പാനദിയുടെ തീരത്തു വർഷങ്ങളായി വളർന്നു നിൽക്കുന്ന വിവിധ തരം പാഴ്ചെടികളും മരങ്ങളും ഇടതൂർന്നു നിൽക്കുന്ന മൂളയുമാണ് ജനത്തെ പേടിപ്പിക്കുന്നത്. മാന്നാർ ഗ്രാമപഞ്ചായത്ത് 3-ാം വാർഡിലെ മുല്ലശേരികടവ് മുതൽ ബംഗ്ലാവിൽ കുളിക്കടവ്,കൂരൃത്തു കടവിനു കിഴക്കു ഭാഗം വരെയാണ് വനം വളർന്നു നിൽക്കുന്നത്. പമ്പാനദിയുടെ ഭാഗമായ ഇവിടം മണ്ണും മണലും ചെളിയും വന്നടിഞ്ഞു കരയായതതാണ്.ഇവിടെ വിവിധ തരം വിഷപാമ്പുകളെയും നീർനായെ വരെ കണ്ടിട്ടുണ്ടെന്നും വീടുകളിലെ വളർത്തു മൃഗങ്ങൾക്ക് വരെ ഇവ ഭീഷണിയായിരിക്കുകയാണെന്നും നാട്ടുകാർ പറയുന്നു. മലവെള്ളപ്പാച്ചിൽ തടയുന്നതിനു വേണ്ടി 3 പുലിമുട്ടുകളാണ് ഇവിടെ 1960ൽ നിർമിച്ചത്.കരിങ്കല്ലു കൊണ്ട് നിർമിച്ചിട്ടുള്ള പുലിമുട്ടുകളുളളതിനാൽ ഒഴുകിയെത്തുന്ന ചെളിയും മണ്ണും മണലും മുല്ലശേരികടവ് മുതൽ പടിഞ്ഞാറോട്ട് പമ്പാതീരത്താകെ വ്യാപിച്ചു കിടക്കുകയാണ്.ഈ പുലിമുട്ടിനോടു ചേർന്നു മണ്ണടിഞ്ഞു കിടന്നു കുളിക്കടവു തന്നെയില്ലാതെയായി.

ഇതു കാരണം 1995ൽ ജില്ലാ പഞ്ചായത്ത് 5 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച കുളിക്കടവ് ഉപയോഗരഹിതമായി മാറി.കുളിക്കടവിനു സമീപം മുളങ്കാടായതിനാൽ ആ ഭാഗത്തേക്കു ആർക്കും പോകാനാവില്ല. പമ്പാതീരത്തെ സ്ഥിതി ഇത്ര കണ്ടു മോശമായതിനാൽ ഇവിടെയുള്ളവർ ഭീതിയോടെയാണ് കഴിയുന്നത്.മേജർ ഇറിഗേഷനും മാന്നാർ പഞ്ചായത്ത് അധികൃതരും ഇടപെടണമെന്ന് നാട്ടുകാരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് സമീപവാസിയായ ഗോപാലകൃഷ്ണൻ മാന്നാർ ഗ്രാമപഞ്ചായത്തിൽ പരാതി നൽകിയിട്ട് മാസങ്ങൾ കഴിയുന്നു ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഗോപാലകൃഷ്ണൻ പറയുന്നു.

































