പത്തനംതിട്ട സീറ്റ് കിട്ടാത്തതിനെത്തുടർന്ന് പി.സി. ജോർജ് നടത്തുന്ന പരാമർശങ്ങളിൽ എൻ.ഡി.എയിൽ കടുത്ത അതൃപ്തി. ജോർജിനെ നിലക്ക് നിർത്തിയില്ലെങ്കിൽ കോട്ടയത്ത് മത്സരിക്കാനില്ലെന്ന നിലപാടിൽ ബി.ഡി.ജെ.എസ് അധ്യക്ഷനും എൻ.ഡി.എ കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി. പത്തനംതിട്ട സീറ്റു കാര്യത്തിൽ ജോർജിന്റെ കലിപ്പ് അടങ്ങുന്നില്ല. തുഷാർ വെള്ളാപ്പള്ളിക്കെതിരെ കഴിഞ്ഞ ദിവസം ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ തുഷാർ വെള്ളാപ്പള്ളിയെ ജോർജ് രൂക്ഷമായി വിമർശിക്കുകയും ആളില്ല പാർട്ടിയുടെ നേതാവാണെന്ന് പറയുകയും ചെയ്തു. ഇതിന് മറുപടിയുമായി വെള്ളാപ്പള്ളി നടേശൻ രംഗത്ത് വന്നു. എനിക്ക് കേരള മുഖ്യമന്ത്രിയാകണമെന്ന് തോന്നിയാൽ എന്നോട് സ്നേഹമുണ്ടെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് എന്നെ ഊളംപാറയിൽ പ്രവേശിപ്പിക്കുക എന്നതാണ്. സ്നേഹമില്ലങ്കിൽ പ്രോത്സാഹിപ്പിക്കണം അത്രയും ഇതിന് മറുപടിയായി പറയുവാനുള്ളു.ഓരോരുത്തർക്കും അർഹതപ്പെട്ടതുണ്ട് അർഹത ഇല്ലാത്തത് ചുമന്നാൽ തവള വീർക്കുന്നത് പോലെ വീർക്കുകയുള്ളു. ഇത്തരത്തിലാണ് ജോർജിനെതിരെ വെള്ളാപ്പള്ളി നടേശൻ മറുപടി നൽകിയത്.
പത്തനംതിട്ടയിൽ തനിക്ക് സീറ്റ് നിഷേധിക്കുവാൻ കാരണം വെള്ളാപ്പള്ളി നടേശനും മകൻ തുഷാർ വെള്ളാപ്പള്ളിയും മുഖ്യമന്ത്രി പിണറായി വിജയനുമാണെന്ന് കഴിഞ്ഞ ദിവസം ജോർജ് മാധ്യമ പ്രവർത്തകരോട് പറയുകയുണ്ടായി.അനിൽ ആൻ്റണിയെ അതി രൂക്ഷമാകുന്ന ഭാഷയിലാണ് ജോർജ് വിമർശിച്ചത്. ബിജെപി സംസ്ഥാന ഘടകത്തിന് ജോർജിന്റെ പരസ്യ പ്രസ്ഥാവനകളോട് യോജിപ്പില്ല.കഴിഞ്ഞ ദിവസം പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്.ജോർജ് വായടക്കുവാൻ സുരേന്ദ്രൻ ആവശ്യപ്പെട്ടെങ്കിലും ജോർജ് ഇതുവരെയും അതിന് തയ്യാറായിട്ടില്ല.കഴിഞ്ഞ ദിവസം അനിൽ ആൻ്റണിയും കോട്ടയത്തെ ജില്ലാ നേതാക്കന്മാരും ജോർജിന്റെ ഈരാറ്റുപേട്ടയിലുള്ള വസതിയിൽ എത്തുകയും അനിൽ ആൻ്റണിയെ ലഡ്ഡു നൽകി ജോർജ് സ്വീകരിക്കുകയും ചെയ്തിരുന്നു. മനസ്സില്ലാമനസ്സോടെയാണെങ്കിൽ പോലും ജോർജ് അനിലിനെ സന്തോഷിപ്പിച്ചാണ് വിട്ടത്.
അനിൽ ആൻ്റണിക്ക് സീറ്റ് നൽകിയതിൽ എൻഡിഎയിലെ ചില ഘടക കക്ഷികൾക്ക് അമർഷമുണ്ട്. നാഷണലിസ്റ്റ് കേരള കോൺഗ്രസ് ജോർജിനോടൊപ്പമാണ് ജോർജിനെ ഗൂഢരാഷ്ട്രീയ ലക്ഷ്യംവെച്ച് വളഞ്ഞിട്ട് അക്രമിക്കുവാനുള്ള ചിലരുടെ നീക്കം അംഗീകരിക്കാൻ കഴിയില്ലെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് ചെയർമാൻ കുരുവിള മാത്യൂസ് പറയുകയുണ്ടായി. ക്രൈസ്തവ നാമധാരി ആയതുകൊണ്ട് മാത്രം ഈ വിഭാഗത്തിൽ നിന്നും വോട്ട് ലഭിക്കുമെന്ന് കരുതേണ്ട എന്ന് കുരുവിള മാത്യൂസ് പറയുന്നു. പി സി ജോർജിന്റെ എല്ലാ പ്രതീക്ഷകളും തകർത്താണ് സീറ്റ് അനിൽ ആൻ്റണിക്ക് നൽകിയത് സ്വന്തം പാർട്ടിയായ ജനപക്ഷം പിരിച്ചുവിട്ട് ജോർജും മകനും സംസ്ഥാന കമ്മിറ്റി അംഗങ്ങളും ബിജെപിയിൽ പാർട്ടിയുടെ മെമ്പർഷിപ്പ് എടുക്കുകയായിരുന്നു. ജോർജ് അന്ന് പറഞ്ഞത് ഒരു അധികാരങ്ങളും ചോദിച്ചിട്ടില്ലെന്നും പാർട്ടി എന്ത് പറഞ്ഞാലും അനുസരിക്കുന്ന ഒരു സാധാരണ പ്രവർത്തകനായി മുന്നോട്ട് പോകുമെന്നാണ് എന്നാൽ സീറ്റ് പ്രഖ്യാപനം വന്നതോടുകൂടി ജോർജ് ആകെപ്പാടെ തിരിഞ്ഞു. പാർട്ടി പറയുന്ന കാര്യങ്ങൾ അച്ചടക്കത്തോടെ അനുസരിക്കുമെന്ന് പറഞ്ഞ ജോർജ് ഇപ്പോൾ ബിജെപിക്ക് തലവേദനയായിക്കൊണ്ടിരിക്കുകയാണ്.
ജോർജിനെ എങ്ങനെയെങ്കിലും കൂടെ നിർത്തി തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ സജീവമാക്കുവാനുള്ള ശ്രമത്തിലാണ് ബിജെപി നേതാക്കൾ
































