മലങ്കര നസ്രാണികളുടെ പൗരാണികതയും പാരമ്പര്യവും വിളിച്ചോതുന്ന മാര്‍ത്തോമന്‍ പൈതൃക സംഗമം ഇന്ന് കോട്ടയത്ത് നടക്കും. 3ന് എംഡി സെമിനാരി മൈതാനത്ത് നിന്ന് ആരംഭിക്കുന്ന വിളംബര ഘോഷയാത്രയോടെയാണ് തുടക്കം.
ഘോഷയാത്ര തോമസ് ചാഴികാടന്‍ എംപി ഫ്ലാഗ് ഓഫ് ചെയ്യും. മെത്രാപ്പൊലീത്താമാരും സഭാസ്ഥാനികളും, സഭാ മാനെജിങ് കമ്മിറ്റി അംഗങ്ങളും മുന്‍നിരയില്‍ അണിനിരക്കും. വാദ്യമേളങ്ങളും നസ്രാണി കലാരൂപങ്ങളും അണിചേരും. വിശ്വാസികൾ കെ.കെ റോഡിലൂടെ, സെന്‍ട്രല്‍ ജംക്‌ഷനില്‍ നിന്ന് തിരിഞ്ഞ് ശാസ്ത്രി റോഡില്‍ പ്രവേശിച്ച് കുര്യന്‍ ഉതുപ്പ് റോഡിലൂടെ നെഹ്‌റു സ്റ്റേഡിയത്തില്‍ എത്തിച്ചേരും
4ന് ആരംഭിക്കുന്ന സമ്മേളനത്തിൽ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള മുഖ്യപ്രഭാഷണം നടത്തും.
മന്ത്രിമാരായ വി.എന്‍. വാസവന്‍, വീണ ജോര്‍ജ്, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ചാണ്ടി ഉമ്മന്‍, റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധി ആന്‍റണി മെത്രാപ്പൊലീത്ത, എത്യോപ്യന്‍ സഭയുടെ പ്രതിനിധി മെത്രാപ്പൊലീത്ത അബ്ബാ മെല്‍കിദേക്ക് നുര്‍ബെഗന്‍ ഗെദ, ഡോ. യുഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത, വൈദീക ട്രസ്റ്റി ഫാ. ഡോ. തോമസ് വര്‍ഗീസ് അമയില്‍, അല്‍മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ എന്നിവര്‍ പ്രസംഗിക്കും.

































