ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവത്തിന് കൊല്ലത്ത് തുടക്കമായി. ആശ്രാമം മൈതാനത്തു നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. നടി ആശാ ശരത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ അരങ്ങിലെത്തിയ സ്വാഗതഗാനത്തിനു ശേഷമാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. മന്ത്രിമാർ എംപിമാർ എംഎൽഎമാർ മറ്റു ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മദ്യമയക്കുമരുന്ന് ലഹരികളിൽനിന്ന് വിദ്യർഥികൾ അകന്നു നിൽക്കണമെന്നും അവക്കെതിരായ കലാരൂപങ്ങൾ കലാലയങ്ങളിൽതന്നെ ഒരുക്കുവാൻ അധ്യാപകർക്കും വിദ്യാർഥികൾക്കും കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കലോത്സവത്തിൽ മനോഹമായി സ്വാഗത നൃത്താവിഷ്ക്കാരം അവതരിപ്പിച്ച പ്രശസ്ത നർത്തകി ആശാശരത്തിനേയും മുഖ്യമന്ത്രി അഭിനന്ദിച്ചു. മൺമറഞ്ഞ ഒട്ടേറെ പ്രമുഖരുടെ നാടായ കൊല്ലത്ത് ഇത്തവണ കലോത്സവം നടക്കുന്നതിൽ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
24 വേദികളിൽ 239 ഇനങ്ങളിൽ 14000 കുട്ടികളാണ് ഇത്തവണത്തെ കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്. പ്രധാന വേദിയായ ആശ്രാമം മൈതാനത്ത് ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടം മത്സരത്തോടെ അരങ്ങുണരും.































