വയനാട് തലപ്പുഴയിൽ തേയില എസ്‌റ്റേറ്റിലെ തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് വൻ അപകടം. 9 പേർ മരിച്ചു. 12 പേരാണ് ജീപ്പിലുണ്ടായിരുന്നത്. 3 പേരുടെ നില അതീവ ഗുരുതരമാണ്. മാനന്തവാടി തലപ്പുഴ കണ്ണോത്ത് മലയിലാണ് അപകടമുണ്ടായത്. കമ്പമല തേയില എസ്റ്റേറ്റിലെ തൊഴിലാളികളാണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്നരയോടെ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്. 30 മീറ്റർ താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. വാഹനം പൂർണമായും തകർന്ന നിലയിലാണ്.മരിച്ചവരിൽ ഏഴു പേരെ തിരിച്ചറിഞ്ഞു. റാണി, ശാന്ത, ചിന്നമ്മ, റാബിയ, ലീല, ഷാജ, ഉമ, എന്നിവരാണ് മരിച്ചത്. ഡ്രൈവർ മണിയടക്കം മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. ഡിടിടിസി കമ്പനിയിലെ തോട്ടം തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവർ മക്കിമല ആറാംനമ്പർ മേഖലയിലുളളവരാണ്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം വനംമന്ത്രി എ കെ ശശീന്ദ്രൻ വയനാട്ടിലേക്ക് തിരിച്ചു. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ നൽകുമെന്ന് വനം മന്ത്രി അറിയിച്ചു.

































