മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഹൈക്കോടതി വിധിയ്ക്കെതിരെയാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. ശ്രീറാം വെങ്കിട്ടരാമനെതിരേ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്നായിരുന്നു കേസില്‍ നേരത്തേ ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്. ഇത് ചോദ്യം ചെയ്തുകൊണ്ടാണ് ശ്രീറാം വെങ്കിട്ടരാമന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്.
ഏതൊക്കെ കുറ്റങ്ങളും തെളിവുകളുമാണ് നിലനില്‍ക്കുക എന്നത് പരിശോധിക്കേണ്ടത് വിചാരണയിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ശ്രീറാമിന്റെ ഹര്‍ജി തള്ളുകയായിരുന്നു.
2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിയോടെയാണ് ബഷീര്‍ കാറിടിച്ച് മരിച്ചത്. ശ്രീറാം വെങ്കിട്ടരാമന്‍ അമിതമായി മദ്യപിച്ച ശേഷം അതിവേഗത്തില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്നാണ് പോലീസ് കേസ്. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷന് സമീപം പബ്ലിക് ഓഫീസിന് മുന്‍പിലാണ് അപകടം നടന്നത്. കേരളത്തില്‍ വന്‍വിവാദമുണ്ടാക്കിയ കേസായിരുന്നു ഇത്. ശ്രീറാമിനെ രക്ഷിക്കാന്‍ ഭരണകൂടം ഒന്നാകെ ശ്രമം നടത്തി എന്ന ആരോപണമാണ് അന്ന് ഉയര്‍ന്നത്.

































