ഖത്തറിൽ തടവിൽ കഴിയുന്ന മലയാളി ഉൾപ്പെടെ എട്ട് മുൻ ഇന്ത്യൻ നാവികരുടെ വധശിക്ഷ റദ്ദാക്കി അപ്പീൽ കോടതി തീരുമാനമെടുത്തതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. വധശിക്ഷ ജയിൽ ശിക്ഷയായി കുറച്ചവെന്നാണ് റിപ്പോർട്ട്.കോടതി ഉത്തരവ് പുറത്തുവിടാത്തതിനാൽ എത്ര കാലമാണ് ജയിൽ ശിക്ഷ എന്ന് വ്യക്ത്തമായിട്ടില്ല. ഇന്ത്യൻ നേവിയിൽ നിന്ന് വിരമിച്ച ശേഷം ഖത്തറിലെ ഒരു പ്രതിരോധ സേവന കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്ന ഉദ്യോഗസ്‌ഥരെ ചാരപ്രവർത്തനം ആരോപിച്ചാണ് 2022ൽ ഖത്തർ തടവിലാക്കിയത്. പൂർണേന്ദു തിവാരി, സുഗുണകർ പകല, അമിത് നാഗ്‌പാൽ, സഞ്ജീവ് ഗുപ്ത നവ്‌തേജ് സിങ് ഗിൽ, ബിരേന്ദ്രകുമാർ വർമ, സൗരഭ് വസിഷ്ഠ്, രാഗേഷ് ഗോപകുമാർ എന്നിവരെയാണ് ഖത്തർ വധശിക്ഷയ്ക്ക് വിധിച്ചത്.
ഖത്തറിലെ ഇന്ത്യൻ അംബാസിഡർ തടവിലാക്കിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വധശിക്ഷയ്ക്കെതിരായ ഇന്ത്യയുടെ ഹർജികളിൽ കോടതി വാദംകേട്ടു. ദുബായിൽ നടന്ന കോപ്പ് 28 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തർ ഭരണാധികാരി ഷെയ്ക് തമീം ബിൻ ഹമദ് അൽതാനിയും നടത്തിയ കൂടിക്കാഴ്ചയിൽ വിഷയം ചർച്ചചെയ്തിരുന്നു
































