വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം നീക്കുന്നത് സംബന്ധിച്ച് യാതൊരു ഉത്തരവും സർക്കാർ ഇറക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഹിജാബ് നിരോധനം പിൻവലിക്കാൻ നിർദ്ദേശം നൽകിയെന്ന സിദ്ധരാമയ്യയുടെ പ്രസ്താവന സംസ്ഥാനത്ത് വലിയ വിവാദത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണം
‘ഇത് സംബന്ധിച്ച് ഞങ്ങൾ ഇതുവരെ ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ല. മാധ്യമങ്ങൾ ചോദിച്ചപ്പോൾ നിരോധനം പിൻവലിക്കുന്നത് പരിഗണിക്കുകയാണെന്ന് പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കും’, സിദ്ധരാമയ്യ വ്യക്തമാക്കി.അതേസമയം, സെൻസിറ്റീവ് വിഷയമായതിനാൽ നിയമപരമായ ചട്ടക്കൂട് പരിഗണിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷം തീരുമാനമെടുക്കുമെന്ന് സ്കൂൾ വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ പറഞ്ഞു.
മൈസൂരിൽ വെച്ച് നടന്ന ഒരുപരിപാടിയ്ക്കിടെയായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം.’ആ തീരുമാനം ഞങ്ങൾ പിൻവലിക്കുകയാണ്, ഇപ്പോൾ സംസ്ഥാനത്ത് ഹിജാബ് നിരോധനമില്ല. സ്ത്രീകൾക്ക് ഹിജാബ് ധരിച്ച് പുറത്തിറങ്ങാം. ഉത്തരവ് തിരിച്ചെടുക്കാൻ ഞാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഏത് വസ്ത്രം ധരിക്കണമെന്നത് ഒരാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്’, എന്നായിരുന്നു സിദ്ധരാമയ്യയുടെ വാക്കുകൾ.

ഇതോടെ ബിജെപിയുടെയും വലതുപക്ഷ സംഘടനകളും കോൺഗ്രസിനെതിരെ രംഗത്തെത്തി. ‘വൃത്തികെട്ട രാഷ്ട്രീയക്കളിയിൽ നിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളെയെങ്കിലും മുഖ്യമന്ത്രിക്ക് ഒഴിവാക്കാമായിരുന്നു എന്നായിരുന്നു ബി ജെ പി സംസ്ഥാന അധ്യക്ഷൻ ബിവൈ വിജേന്ദ്രയുടെ പ്രതികരണം.’ഹിജാബ് വിഷയത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഇന്നലത്തെ പ്രസ്താവന ദൗർഭാഗ്യകരമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് അനുവദിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞത് വളരെ ഖേദകരമാണ്. വൃത്തികെട്ട രാഷ്ട്രീയത്തിൽ നിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളെയെങ്കിലും മുഖ്യമന്ത്രിക്ക് ഒഴിവാക്കാമായിരുന്നു’, വിജേന്ദ്ര പറഞ്ഞു.
ന്യൂനപക്ഷങ്ങളിൽ നിന്നോ മുസ്ലീം സമുദായത്തിൽ നിന്നോ ഒരു കുട്ടികളും ഹിജാബ് ആവശ്യപ്പെട്ടിട്ടില്ലെന്നും വിജേന്ദ്ര അവകാശപ്പെട്ടു. ഇത് പ്രീണന രാഷ്ട്രീയം മാത്രമാണ്, അത് കോൺഗ്രസ് പാർട്ടി പിന്തുടരുന്ന ഭിന്നിപ്പിച്ചു ഭരിക്കുന്ന രീതിയാണ്. ഈ നീക്കത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു’,വിജയേന്ദ്ര കൂട്ടിച്ചേർത്തു.
2022 ഫെബ്രുവരിയിലായിരുന്നു മുൻ ബി ജെ പി സർക്കാർ കർണാടകയിലെ കോളേജുകളിൽ ഹിജാബ് വിലക്കിയത്. ഉഡുപ്പിയിലെ കോളേജിൽ ഹിജാബ് ധരിച്ച വിദ്യാർത്ഥികളെ ക്ലാസിൽ കയറാൻ അനുവദിക്കാത്തതുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്നായിരുന്നു നടപടി. തുടർന്ന് വിദ്യാർത്ഥികൾ നിരോധനത്തിനെതിരെ കോടതിയെ സമീപിച്ചെങ്കിലും കർണാടക ഹൈക്കോടതി നിരോധനം ശരിവച്ചു. ഇതോടെ വിധിക്കെതിരെ വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ സുപ്രീം കോടതിയിൽ നിന്നും ഭിന്നവിധിയാണുണ്ടായത്.
































