നീരേറ്റുപുറം:വ്രതശുദ്ധിയിൽ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല സമർപ്പണം നടന്നു.നാവിൽ നാമജപങ്ങളുടേയും വായ് കുരവകളുടേയും ദേവീസ്തുതികളുമായി ഭക്തർ നിവേദ്യം അർപ്പിച്ച് ആത്മനിർവൃതിയോട് മടങ്ങി.സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ഭക്തരാണ് പൊങ്കാല സമർപ്പണത്തിനായി ഇന്നലെ മുതൽ ക്ഷേത്രത്തിൽ എത്തിയത്.ചക്കുളത്തമ്മയുടെ തൃപ്പാദങ്ങളിൽ നൈവേദ്യമായി പൊങ്കാല അർപ്പിച്ചമ്പോൾ പ്രദേശം മഹായാഗഭൂമിയായി മാറി.ചെമ്പട്ട് ചാർത്തി വർണ്ണഹാരമണിഞ്ഞ് ശ്രീലകത്ത് സർവ്വാഭരണ വിഭൂഷിതയായി വിളങ്ങി നിൽക്കുന്ന അമ്മയ്ക്ക് ഭക്തർ തയ്യാറാക്കിയ നിവേദ്യം കാണിക്കയായി അർപ്പിച്ചു.
അരിയും,കദളിപ്പഴവും, ശർക്കരയും. ഏലക്കായും, മുന്തിരിയും പൊങ്കാല നൈവേദ്യത്തിന്റെ ഭാഗങ്ങളാകുമ്പോൾ നേദ്യമധുരം പോലെ ജീവിതവും മധുരമായി തീരുമെന്നാണ് ഭക്തരുടെ വിശ്വാസം. ശരീരത്തിന്റെ പ്രതീകമായി മൺകലത്തിൽ നിവേദ്യം പാകം ചെയ്യുമ്പോൾ ചിന്തകളിലും കർമ്മത്തിലും പ്രവൃത്തിയിലും സദ് ഗുണങ്ങൾ വിളങ്ങണമേ എന്നാണ് ഭക്തരുടെ പ്രാർത്ഥന. പഞ്ചഭൂതങ്ങൾ സാക്ഷി നിർത്തിയാണ് പൊങ്കാല ചടങ്ങ് നടന്നത്. അഗ്നി, വായു, ഭൂമി, ആകാശം, ജലം എന്നിവ പൊങ്കാലയുടെ ഭാഗങ്ങളാക്കുന്നു. നേദ്യം പാകം ചെയ്യാൻ അഗ്നിയും ജലവും, അഗ്നി ജ്വലിപ്പിക്കാൻ വായുവും നേദ്യം പാകപ്പെടുത്താൻ ഭൂമിയും അതിന് മുകളിൽ ആകാശവും പഞ്ചഭൂത സങ്കൽപ്പത്തോടെ നിൽക്കുന്നുവെന്നാണ് വിശ്വാസം.
പുലര്‍ച്ചെ 4 ന് നിര്‍മ്മാല ദര്‍ശനത്തോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും വിളിച്ചു ചൊല്ലി പ്രാർത്ഥനയ്ക്കു ശേഷം ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരിയുടെ അധ്യക്ഷതയില്‍ നടന്ന പൊങ്കാല ചടങ്ങില്‍ ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കില്‍ നിന്നും മുഖ്യ കാര്യദര്‍ശി സദ്ഗുരു രാധാകൃഷ്ണന് നമ്പൂതിരി പകർന്ന തിരിയില്‍ പണ്ടാര പൊങ്കാല അടുപ്പിലേക്ക് അഗ്നി പകർന്ന് പൊങ്കാലയ്ക്ക് തുടക്കം കുറിച്ചു. ക്ഷേത്ര മുഖ്യകാര്യദര്‍ശി ഉണ്ണികൃഷ്ണന് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിൽ മേല്‍ശാന്തിമാരായ അശോകന് നമ്പൂതിരി, രഞ്ജിത്ത് ബി നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നിവർ പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ നടത്തി. കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു.
11 ന് 500- ല്‍ പരം വേദപണ്ഡിതന്മാരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദേവിയെ 51 ജീവതകളിലായി എഴുന്നുള്ളിച്ച് ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നേദിച്ചു.പൊങ്കാല നേദ്യത്തിനു ശേഷം ദിവ്യാഭിഷേകവും ഉച്ചദീപാരാധനയും നടന്നു.

ചക്കുളത്തുകാവ് പൊങ്കാലയുടെ സുഗമമായ നടത്തിപ്പിനായി ആലപ്പുഴ, പത്തനംതിട്ട ജില്ല കളക്ടർമാരുടെ നേത്യത്വത്തിൽ വൻ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയത്.പൊങ്കാല നടന്ന തകഴി, എടത്വാ, കിടങ്ങറ, തിരുവല്ല, കാവുംഭാഗം, പൊടിയാടി തുടങ്ങിയ സ്ഥലങ്ങളില്‍ ട്രാഫിക് നിയന്ത്രണവും സുരക്ഷയും ഉറപ്പാക്കി. ചെറുവാഹനങ്ങള്‍ക്ക് പ്രത്യേക പാര്‍ക്കിങ് സൗകര്യം ഒരുക്കി.പൊടിയാടി ജംഗ്ഷനില്‍ താല്‍ക്കാലിക എയ്ഡ് പോസ്റ്റ് സ്ഥാപിച്ചു. പ്രധാന റോഡുകളില്‍ ജീപ്പ് പെട്രോളിങും ഇടറോഡുകളില്‍ ബൈക്ക് പെട്രോളിങും നടത്തി.വിവിധ ഡിപ്പോകളില്‍ നിന്നും കെ.എസ്.ആര്.ടി.സി 16 സ്പെഷ്യല്‍ സര്‍വീസുകള്‍ രാത്രിയിലുള്‍പ്പെടെ നടത്തി. എടത്വാ, തിരുവല്ല ഡിപ്പോയില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഉണ്ടായിയിരുന്നു. പൊങ്കാല നടന്ന ദിവസങ്ങളില്‍ മദ്യഷോപ്പുകള്‍ അടച്ചിട്ടും വ്യാജമദ്യം തടയുന്നതിന് കര്‍ശന നടപടി സ്വീകരിച്ചും സ്പെഷ്യല്‍ സ്ക്വാഡുകളെ ഏര്‍പ്പെടുത്തി. എടത്വാ, തലവടി, ചാത്തങ്കരി, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല ഗവ.ആശുപത്രികളൽ അടിയന്തിര ചികിത്സ ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു.അടിയന്തിര ഘട്ടത്തിൽ വിവിധ ഇന്‍ഫര്‍മേഷന്‍ സെന്റെറുകളില്‍ 3000-ത്തിലധികം ക്ഷേത്ര വോളന്റിയേഴ്സ് നിര്‍ദ്ദേശങ്ങളുമായി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി.ഭക്തരുടെ പ്രാഥമീകാ വശ്യങ്ങള്‍ക്കായി സ്ഥിരം സംവിധാനങ്ങള്‍ക്കു പുറമെ താത്കാലിക ശൗചാലയങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. പോലീസ്, കെ.എസ്. ആര്.റ്റി.സി., ആരോഗ്യ-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഫയര്‍ഫോഴ്സ്, കെ.എസ്.ഇ.ബി., ജല അതോറിറ്റി, എക്സൈസ്, ജല ഗതാഗതം, റവന്യു വകുപ്പുകളുടെ സേവനം ആലപ്പുഴ-പത്തനംതിട്ട ജില്ലാ കളക്ടര്‍ മാരുടെ നേതൃത്വത്തില്‍ സജ്ജീകരിച്ചിരുന്നു. പ്ലാസ്റ്റിക്ക് പൂര്‍ണ്ണമായി നിരോധിച്ചും ഹരിത ചട്ടങ്ങള്‍ പാലിച്ചുമാണ് പൊങ്കാലയുടെ ക്രമീകരണങ്ങള്‍ നടത്തിയത്.
ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നടന്ന പൊങ്കാല ചടങ്ങുകൾക്ക് സമാപനം കുറിച്ചു കൊണ്ട് വെസ്റ്റ് ബംഗാള്‍ ഗവര്‍ണ്ണര്‍ ഡോ.സി.വി ആനന്ദബോസ് ഐ.എ.എസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്നി പകർന്നു
വൈകിട് 5 ന് നടന്ന സാംസ്കാരിക സമ്മേളനം തോമസ് കെ. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി നായർ അധ്യക്ഷത വഹിച്ചു.രാധാകൃഷണന് നമ്പൂതിരി അനുഗ്രഹപ്രഭാഷണവും, ഉണ്ണികൃഷ്ണന് നമ്പൂതിരി മംഗളാരതിയും സമര്‍പ്പിച്ചു. .ജനപ്രതിനിധികൾ,സാമുദായിക-രാഷ്ട്രീയ- സാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
































