കൊച്ചി : കേന്ദ്ര സർക്കാറിന് കീഴിലെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐ.സി.എം.ആർ) പാമ്പുവിഷ ചികിത്സക്കുള്ള മികവിന്റെ കേന്ദ്രമായി കൊച്ചി അമൃത ആശുപത്രിയെ പ്രഖ്യാപിച്ചു. പാമ്പ് കടിയുമായി ബന്ധപ്പെട്ട് നടത്തുന്ന ചികിത്സ, ബോധവത്കരണ പ്രവർത്തനങ്ങൾ, ഗവേഷണങ്ങൾ എന്നിവ പരിഗണിച്ചാണ് അംഗീകാരം. ഇന്ത്യയിൽ ആദ്യമായാണ് പാമ്പുവിഷ ചികിത്സയുമായി ബന്ധപ്പെട്ട് ഒരു ആശുപത്രിക്ക് ഐ.സി.എം.ആർ ഈ അംഗീകാരം നൽകുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി സഹകരിച്ച് ദേശീയതലത്തിൽ ഗവേഷണ പദ്ധതികളുടെ ഭാഗമാകാൻ ഇതിലൂടെ അമൃത ആശുപത്രിക്ക് സാധിക്കും.
കാർഡിയോളജി വിഭാഗം പ്രഫസർ ഡോ. ജയ്ദീപ് സി. മേനോൻ, അമൃത വിശ്വവിദ്യാപീഠം ലൈഫ് സയൻസസ് ഡീൻ ഡോ. ബിപിൻ നായർ എന്നിവർ ഐ.സി.എം.ആർ ഡയറക്ടർ ജനറൽ രാജീവ് ബേലിൽനിന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. പുതിയ ആന്റിവെനം കണ്ടുപിടിക്കാനുള്ള ഗവേഷണങ്ങളിൽ അമൃത ആശുപത്രി ഭാഗമാണെന്നും ഇൻഷുറൻസ് പദ്ധതികളിൽ പാമ്പുവിഷത്തിനുള്ള ചികിത്സ ഉൾപ്പെടുത്താനുള്ള പരിശ്രമങ്ങൾ നടത്തുമെന്നും ഐ.സി.എം.ആർ സെന്ററിന് നേതൃത്വം നൽകുന്ന ഡോ. ജയ്ദീപ് സി. മേനോൻ പറഞ്ഞു

































