പറവൂർ : സീനിയർ വിദ്യാർഥികൾ സംഘം ചേർന്ന് മർദിച്ച് അവശനാക്കിയ പ്ലസ് വൺ വിദ്യാർഥിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പറവൂർ ജാറപ്പടി കൊറ്റിയേടത്ത് ശ്യാമിന്റെ മകൻ കൃഷ്ണേന്താണ് (16) നട്ടെല്ലിനും കഴുത്തിലും മുഖത്തും ഉൾപ്പെടെ സാരമായ പരിക്കുകളോടെ ചികിത്സയിൽ കഴിയുന്നത്. മൂത്തകുന്നം എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ് കൃഷ്ണേന്ത്. സ്കൂളിൽവെച്ച് സീനിയർ വിദ്യാർഥികൾ രണ്ടുദിവസം കൃഷ്ണേന്തിനെയും കൂട്ടുകാരെയും തല്ലിച്ചതച്ചിട്ടും വിവരം പൊലീസിൽ അറിയിക്കാൻ സ്കൂൾ അധികൃതർ തയാറായില്ലെന്ന് പരാതിയുണ്ട്.
ആശുപത്രിയിൽനിന്ന് അറിയിച്ചതനുസരിച്ച് കുട്ടിയുടെ മൊഴിയെടുത്ത ശേഷമാണ് വടക്കേക്കര പൊലീസ് കേസെടുത്തത്. ജൂനിയർ വിദ്യാർഥികളായ കൃഷ്ണേന്തും കൂട്ടുകാരും സീനിയർ വിദ്യാർഥികളുടെ കണ്ണിൽപെടരുതെന്നാണ് താക്കീത്.
കഴിഞ്ഞ തിങ്കളാഴ്ച സ്കൂളിലെ ചവിട്ടുപടിയിൽ വെച്ച് കൃഷ്ണേന്തിനെയും കൂട്ടുകാരെയും സീനിയർ വിദ്യാർഥികൾ തല്ലിച്ചതച്ച് അവശരാക്കി. വീട്ടുകാരെയോ അധ്യാപകരെയോ അറിയിച്ചാൽ ശരിയാക്കിക്കളയുമെന്ന് ഭീഷണിപ്പെടുത്തി.
ചൊവ്വാഴ്ച സ്കൂളിൽ പോകാതെ വീട്ടിൽ കഴിഞ്ഞ കൃഷ്ണേന്ത് പിറ്റേദിവസം സ്കൂളിൽ എത്തിയപ്പോൾ സീനിയർ വിദ്യാർഥികൾ വളഞ്ഞു. തൽക്കാലം സ്റ്റാഫ് റൂമിൽ കയറി രക്ഷപ്പെട്ടെങ്കിലും സീനിയർ വിദ്യാർഥികൾ കാത്തുനിന്ന് പിടികൂടി മർദിച്ചു.
അവശനിലയിൽ വീട്ടിലെത്തിയ കുട്ടിയെ വൈകീട്ടോടെ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നട്ടെല്ലിന് കടുത്ത വേദനയുള്ള കൃഷ്ണേന്തിന് കാഴ്ച മങ്ങിയപോലെയും തോന്നുന്നുണ്ട്. പൊലീസ് മൊഴിയെടുത്ത് എഫ്.ഐ.ആർ ഇട്ട ശേഷമാണ് സ്കൂൾ അധികൃതരും മാനേജ്മെന്റും രംഗത്തുവന്നത്. കൃഷ്ണേന്തിന്റെ ബന്ധുക്കളുമായി സംസാരിച്ച അവർ കേസ് ഒത്തുതീർപ്പാക്കണമെന്നും നഷ്ടപരിഹാരം നൽകാമെന്നും അറിയിച്ചെങ്കിലും ബന്ധുക്കൾ വഴങ്ങിയില്ല. നട്ടെല്ലിന്റെ വേദന അസഹ്യമായതോടെയാണ് എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കൃഷ്ണേന്തിന്റെ സഹപാഠി ആൽഫി അടക്കമുള്ളവർക്കും മർദനമേറ്റിട്ടുണ്ട്. ആൽഫിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. മർദനത്തിന് നേതൃത്വം നൽകിയ അഞ്ചുപേരുടെ പേരു വിവരവും കൃഷ്ണേന്ത് പൊലീസിന് കൈമാറി
കണ്ടാലറിയാവുന്ന അഞ്ചുപേർ കൂടി സംഘത്തിലുണ്ട്. നടപടി ആവശ്യപ്പെട്ട് കൃഷ്ണേന്തിന്റെ പിതാവ് സ്കൂൾ പ്രിൻസിപ്പലിന് പരാതി നൽകി.

































