കണ്ണൂർ: പൊലീസ് ഓഫിസറാണെന്ന വ്യാജേന കതിരൂർ സ്വദേശിയായ യുവാവിന്റെ ഫോണിലേക്ക് വിളിച്ച് തട്ടിയത് അഞ്ച് ലക്ഷം രൂപ. യുവാവിന്റെ ഫോണിലേക്ക് മുംബൈ നാർകോട്ടിക് സെല്ലിൽ നിന്നാണെന്നു പറഞ്ഞ് ഫോൺ കോൾ വരുകയായിരുന്നു. യുവാവിന്റെ പേരിൽ ഒരു പാർസൽ തായ് വാനിൽനിന്നും വന്നിട്ടുണ്ടെന്നും അതിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എ ഉണ്ടെന്ന് പറയുകയും ചെയ്തു. ബാങ്ക് അക്കൗണ്ട് വെരിഫിക്കേഷൻ ചെയ്യണമെന്നും പറഞ്ഞാണ് തട്ടിപ്പിന് ഇരയാക്കിയത്.
പിന്നീട് കാൾ ഓഫിസർക്ക് കൈമാറുകയാണെന്ന് പറഞ്ഞത് പ്രകാരം യുവാവിന്റെ വാട്സ് ആപ്പിലേക്ക് പൊലീസ് ഓഫിസറാണെന്ന വ്യാജേന യൂനിഫോമിൽ വിഡിയോ കാൾ വിളിച്ച് ബാങ്ക് അക്കൗണ്ട് വെരിഫിക്കേഷൻ ചെയ്യണമെന്ന് പറഞ്ഞു. വെരിഫിക്കേഷൻ ചെയ്യാൻ പണം അടക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പേടിച്ച യുവാവ് എത്ര രൂപയാണ് അടക്കേണ്ടതെന്ന് ചോദിച്ചപ്പോൾ അഞ്ച് ലക്ഷമെന്നായി മറുപടി. അടക്കാൻ പണമില്ലെന്ന് അറിയിച്ചപ്പോൾ പറഞ്ഞ തുക തന്നെ അടക്കണമെന്നും അത് അക്കൗണ്ട് വെരിഫിക്കേഷൻ ചെയ്തിട്ട് തിരിച്ച് നൽകുമെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. തുടർന്നാണ് യുവാവ് പണം അയച്ചു കൊടുത്തത്.
മറ്റൊരു സംഭവത്തിൽ എസ്.ബി.ഐ ക്രെഡിറ്റ് കാർഡിന്റെ റിവാർഡ് പോയൻറ് റിഡീം ചെയ്യണമെന്ന വ്യാജേന യുവാവിന്റെ മൊബൈൽ നമ്പറിലേക്കും വാട്സ് ആപ്പിലേക്കും വന്ന മെസേജിലെ ലിങ്കിൽ കയറിയപ്പോൾ നഷ്ടമായത് 25,000 രൂപ.































