നേപ്പാളിൽ ശക്തമായ ഭൂചലനത്തിൽ 69 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റതായും അധികൃതർ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച അർദ്ധരാത്രിയോടെയാണ് വടക്കുപടിഞ്ഞാറൻ നേപ്പാളിൽ ശക്തമായ ഭൂചലനമുണ്ടായത്. നിരവധി സ്ഥലങ്ങളുമായുള്ള ആശയവിനിമയം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അർധരാത്രിയോടെ ഉണ്ടായ ഭൂചലനം, 800 കിലോമീറ്ററിലധികം (500 മൈൽ) അകലെ ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയിലും പ്രകമ്പനം സൃഷ്ടിച്ചു. ഭൂകമ്പത്തിന്റെ തീവ്രത 5.6 ആയിരുന്നുവെന്നും 11 മൈൽ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്നും യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് ഏകദേശം 250 മൈൽ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ജജാർകോട്ടാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് നേപ്പാളിലെ നാഷണൽ ഭൂകമ്പ നിരീക്ഷണ ഗവേഷണ കേന്ദ്രം അറിയിച്ചു.
ഭൂകമ്പത്തിൽ റുക്കും ജില്ലയിൽ 35 പേർ കൊല്ലപ്പെട്ടു, നിരവധി വീടുകൾ തകർന്നു. പരിക്കേറ്റ 30 പേരെ ഇതിനകം പ്രാദേശിക ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ജജർകോട്ട് ജില്ലയിൽ 34 പേർ മരിച്ചതായി സർക്കാർ ഉദ്യോഗസ്ഥൻ ഹരീഷ് ചന്ദ്ര ശർമ്മ അറിയിച്ചു.































