കൂത്താട്ടുകുളം: യുട്യൂബറായ യുവാവിനെ പെൺകെണിയിൽപെടുത്തി പണവും കാറും തട്ടിയെടുത്ത കേസിൽ രണ്ട് യുവതികളടക്കം നാലുപേർ പിടിയിൽ. കൊല്ലം ചടയമംഗലം വലിയകുഴി നൗഫൽ മൻസലിൽ അൽ അമീൻ (23), ഇടുക്കി വട്ടപ്പാറ പുതുശ്ശേരിപ്പടിക്കൽ അഭിലാഷ് (28), ശാന്തൻപാറ ചെരുവിൽ പുത്തൻവീട്ടിൽ ആതിര (28), അടിമാലി കാട്ടാഞ്ചേരി വീട്ടിൽ അക്ഷയ (21) എന്നിവരെയാണ് കൂത്താട്ടുകുളം പൊലീസ് പിടികൂടിയത്.
മലപ്പുറം മഞ്ചേരി സ്വദേശിയായ യുട്യൂബറാണ് ഹണി ട്രാപ്പിന് ഇരയായത്. യുട്യൂബിൽനിന്ന് ലഭിച്ച നമ്പറിൽ അക്ഷയയാണ് ഇയാളുമായി ചങ്ങാത്തം കൂടിയത്. സുഖമില്ലാതെ കിടക്കുന്ന അനുജന് കൗൺസലിങ് നൽകണമെന്ന് പറഞ്ഞ് അക്ഷയ യുവാവിനെ കൂത്താട്ടുകുളത്തെ ലോഡ്ജിലേക്ക് വിളിപ്പിച്ചു. അവിടെവെച്ച് അക്ഷയ നൽകിയ പാനീയം കുടിച്ച് മയങ്ങിപ്പോയെന്നും മയക്കം വിട്ടെഴുന്നേറ്റപ്പോൾ മറ്റൊരു പെൺകുട്ടിയെയാണ് (ആതിര) കണ്ടതെന്നും യുട്യൂബർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. അൽപം കഴിഞ്ഞ് അൽ അമീൻ, അഭിലാഷ്, അക്ഷയ എന്നിവരെത്തുകയും യുവതികളെ ചേർത്തുനിർത്തി ഫോട്ടോയും വിഡിയോയും എടുക്കുകയും ചെയ്തു. ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കാതിരിക്കാൻ സംഘം അഞ്ച് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. തന്റെ പക്കൽ 11,000 രൂപയേയുള്ളൂവെന്ന് പറഞ്ഞപ്പോൾ യുവാവിന്റെ കാർ അക്ഷയയുടെ പേരിൽ എഴുതി വാങ്ങുകയും തുടർന്ന് ഇയാളെ കൂത്താട്ടുകുളം സ്റ്റാൻഡിൽ ഇറക്കിവിടുകയുമായിരുന്നു.
സബ് ഇൻസ്പെക്ടർ എം.എ. ആനന്ദിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം മൂന്നുപേരെ കരിങ്ങാച്ചിറ ഭാഗത്തുനിന്നും ആതിരയെ ഇടപ്പള്ളിയിൽനിന്നുമാണ് പിടികൂടിയത്. യുട്യൂബറിൽനിന്ന് തട്ടിയെടുത്ത കാറിൽ കറങ്ങുകയായിരുന്നു സംഘം. അഭിലാഷ് വാടകക്കെടുത്ത ലോഡ്ജ് മുറിയിലാണ് സംഭവം നടന്നത്.































