തിരുവനന്തപുരം: അൺ എയ്ഡഡ് സ്‌കൂൾ ജീവനക്കാർക്ക് നിയമപ്രകാരം ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അത് നിയമവിരുദ്ധമാണെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. ഉപജീവന ബത്ത (സബ്‌സിസ്റ്റൻസ് അലവൻസ്), ഗ്രാറ്റുവിറ്റി, പ്രൊവിഡന്റ് ഫണ്ട് (പി.എഫ്) എന്നിവ നൽകുന്നതിൽ വീഴ്ച വരുത്തരുതെന്ന് കമ്മിഷൻ ചെയർപഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് വ്യക്തമാക്കി.
അൺ എയ്ഡഡ് സ്‌കൂൾ ജീവനക്കാർക്ക് വ്യക്തമായ സേവന-വേതന വ്യവസ്ഥകൾ നിർവചിച്ച് സർക്കാർ ഉത്തരവ് ഇറക്കിയിട്ടില്ലെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ഈ സുപ്രധാന ഉത്തരവ്.
കമുകിൻകോട് ഹയർ സെക്കൻഡറി സ്‌കൂളിലെ മലയാളം അധ്യാപിക സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടൽ. വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ 2023 ജൂലൈ 13-ന് തന്നെ സസ്‌പെൻഡ് ചെയ്യുകയും തൊട്ടടുത്ത വർഷം ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തതായി അധ്യാപിക പരാതിയിൽ ചൂണ്ടിക്കാട്ടി. സസ്‌പെൻഷൻ കാലയളവിൽ ലഭിക്കേണ്ട ആനുകൂല്യങ്ങളോ മറ്റ് ആനുകൂല്യങ്ങളോ തനിക്ക് ലഭിച്ചില്ലെന്നും അവർ പരാതിപ്പെട്ടിരുന്നു.
അൺ എയ്ഡഡ് സ്‌കൂളിലാണ് ജോലി ചെയ്തിരുന്നത് എന്നതിൻ്റെ പേരിൽ ജീവനക്കാർക്ക് അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കാൻ മാനേജ്‌മെന്റുകൾക്ക് അവകാശമില്ലെന്ന് ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് നിരീക്ഷിച്ചു. സസ്‌പെൻഷനിലായ കാലം മുതൽ ജോലിയിൽ നിന്ന് നീക്കം ചെയ്ത കാലയളവു വരെയുള്ള ഉപജീവനബത്ത ലഭിക്കാൻ അധ്യാപികയ്ക്ക് അർഹതയുണ്ട്.
കമ്മിഷന്റെ പ്രധാന നിർദേശങ്ങൾ:
- അന്വേഷണത്തിന് നിർദേശം: ഒരു സർക്കാർ ഉദ്യോഗസ്ഥനെ നിയോഗിച്ച് വിഷയത്തിൽ അന്വേഷണം നടത്താനും ഉപജീവനബത്ത ഉറപ്പാക്കാനും തിരുവനന്തപുരം ജില്ലാ ലേബർ ഓഫീസർക്ക് (ഡി.എൽ.ഒ) കമ്മിഷൻ നിർദേശം നൽകി.
- ഗ്രാറ്റുവിറ്റി ലഭ്യമാക്കണം: ഗ്രാറ്റുവിറ്റി തുക ലഭിച്ചില്ലെന്ന് കാട്ടി ജില്ലാ ലേബർ ഓഫീസർക്ക് പരാതി നൽകാൻ പരാതിക്കാരിയോട് ആവശ്യപ്പെട്ടു. ഒരു മാസത്തിനുള്ളിൽ തുക നൽകിയെന്ന് ഡി.എൽ.ഒ ഉറപ്പാക്കണം. അല്ലാത്തപക്ഷം ഗ്രാറ്റുവിറ്റി കൺട്രോളിങ് അതോറിറ്റിയെ സമീപിക്കാം.
- പി.എഫ് കുടിശ്ശിക: പ്രൊവിഡന്റ് ഫണ്ട് തുകയ്ക്ക് അധ്യാപിക അർഹയാണെന്ന് തെളിഞ്ഞാൽ സ്‌കൂൾ മാനേജ്‌മെന്റിൽ നിന്ന് തുക ലഭ്യമാക്കാൻ പി.എഫ് കമ്മിഷണർ ആവശ്യമായ നടപടികൾ സ്വീകരിക്കണം.
































