ഷൊർണൂർ: ജനറൽ ടിക്കറ്റെടുത്ത് റിസർവേഷൻ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്തതിനെച്ചൊല്ലി ട്രെയിനിൽ വൻ കൈയാങ്കളി. ടിക്കറ്റ് പരിശോധിക്കാനെത്തിയ ടിടിഇയെ യുവതി മർദിച്ചതായി പരാതി. കഴിഞ്ഞ 20-ന് രാത്രി ഏഴരയോടെ മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ട്രെയിനിലാണ് സംഭവം.
മംഗലാപുരം – തിരുവനന്തപുരം ട്രെയിനിൽ ഫറൂക്കിൽ നിന്നാണ് പട്ടിത്തറ സ്വദേശിയായ ശ്രുതി എന്ന യുവതി കയറിയത്. കുറ്റിപ്പുറത്തേക്കുള്ള ജനറൽ ടിക്കറ്റാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. എന്നാൽ യാത്ര ചെയ്തത് റിസർവേഷൻ കോച്ചിലായിരുന്നു. ടിക്കറ്റ് പരിശോധനയ്ക്കായെത്തിയ പാലക്കാട് റെയിൽവേ ഡിവിഷനിലെ ടിടിഇ ഇ. സുജിത്ത്, കമ്പാർട്ട്മെന്റ് മാറി ജനറൽ കോച്ചിലേക്ക് കയറാൻ ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണമായത്.
തുടർന്ന് സംസാരിച്ച് വാക്കേറ്റമുണ്ടാവുകയും യുവതി അസഭ്യവർഷം നടത്തുകയും ടിടിഇയെ ആക്രമിക്കുകയുമായിരുന്നു എന്ന് പോലീസ് പറയുന്നു. അടിയേറ്റ് മുഖത്ത് ചോരവന്ന നിലയിൽ സുജിത്ത് ഷൊർണൂർ റെയിൽവേ പോലീസിൽ പരാതി നൽകി. മുഖത്തും കഴുത്തിലും പരിക്കേറ്റ ഇദ്ദേഹത്തെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, ടിടിഇക്കെതിരെ യുവതിയും റെയിൽവേ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ടിക്കറ്റ് പരിശോധകൻ തന്നോട് അസഭ്യം പറഞ്ഞ് ആക്രമിക്കാൻ തുനിഞ്ഞപ്പോൾ സ്വയം പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നാണ് ശ്രുതിയുടെ വാദം. ആക്രമണത്തിനിടെ കഴുത്തിന് പിടിച്ച് തള്ളുക മാത്രമാണ് ചെയ്തതെന്നും യുവതി പരാതിയിൽ വ്യക്തമാക്കുന്നു.
സംഭവത്തിൽ ഷൊർണൂർ റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം നടക്കുമ്പോൾ ട്രെയിനിലുണ്ടായിരുന്ന മറ്റ് യാത്രക്കാരുടെ മൊഴി പോലീസ് രേഖപ്പെടുത്തി വരികയാണ്.
































