വർക്കല: ലഹരി ഉൽപ്പന്നങ്ങളുടെ വിപണനവും ഉപയോഗവും തുടച്ചുനീക്കുന്നതിനായി പോലീസ് നടത്തുന്ന പ്രത്യേക ഡ്രൈവായ ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമാകുന്നു. ഇതിന്റെ ഭാഗമായി വർക്കല ക്ലിഫിലും അയിരൂരിലും പോലീസ് മിന്നൽ പരിശോധന നടത്തി. ശനിയാഴ്ച പുലർച്ചെ അഞ്ചുമണി മുതൽ പ്രമുഖ ടൂറിസം കേന്ദ്രമായ വർക്കല ക്ലിഫിലും സമീപ പ്രദേശങ്ങളിലും ആരംഭിച്ച വ്യാപക പരിശോധനയിൽ വിവിധ സ്ഥാപനങ്ങളിൽ നിന്ന് വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പോലീസ് പിടിച്ചെടുത്തത്.
ലഹരി ഉൽപ്പന്നങ്ങളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് നാല് പേരെ വർക്കല പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സെൽവൻ (32) – കായിക്കര ആശാൻ സ്മാരകത്തിന് സമീപം താമസിക്കുന്നയാൾ.
- റിജു (50) – വർക്കല നെടുങ്കണ്ട കുളങ്ങര ഹൗസ്.
- ഷറഫുദ്ദീൻ (40) – വർക്കല കണ്വാശ്രമം സ്വദേശി, കുന്നിൽ ചരുവിള വീട്.
- സന്തോഷ് കുമാർ (43) – ശ്രീനിവാസപുരം കല്ലുവിള വീട്.
അയിരൂരിലും കർശന പരിശോധന
അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലും ഇതിന്റെ ഭാഗമായി പ്രത്യേക പരിശോധനകൾ നടന്നു. സ്കൂളുകളും കോളേജുകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ചാവടിമുക്ക്, കോവൂർ എന്നീ പ്രദേശങ്ങളിലെ കടകളിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തതായി അയിരൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ (SHO) അറിയിച്ചു.
ഈ മേഖലകളിൽ ലഹരിമാഫിയക്കെതിരെയുള്ള പോലീസിന്റെ ശക്തമായ പരിശോധന ഇപ്പോഴും തുടരുകയാണ്.
































