കൊല്ലം:* സംസ്ഥാനത്ത് വീണ്ടും മദ്യലഹരിയിൽ അതിക്രൂരമായ ഒരു കൊലപാതകം കൂടി. കൊല്ലം അഞ്ചാലുംമൂട് താന്നിക്കമുക്കിലെ ആളൊഴിഞ്ഞ വീടിന് മുന്നിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പനയം സ്വദേശിയായ സുരേഷ് ബാബുവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സ്ഥിരം മദ്യപാന കൂട്ടുകാരനായ (ഗ്ലാസ് മേറ്റ്) പനയം കൈപ്പള്ളി തോട്ടം വീട്ടിൽ ബിജുവിനെ (46) പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെയാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സുരേഷും ബിജുവും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസവും ഇരുവരും ചേർന്ന് മദ്യപിക്കുന്നതിനിടെ ലഹരിമൂത്ത് തർക്കമുണ്ടാകുകയും, പ്രകോപിതനായ ബിജു കല്ലെടുത്ത് സുരേഷ് ബാബുവിന്റെ തലയ്ക്കടിക്കുകയുമായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുരേഷ് ബാബു സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടു. കൊലപാതകത്തിന് ശേഷം താന്നിക്കമുക്കിലെ ആളൊഴിഞ്ഞ വീടിന് മുന്നിൽ മൃതദേഹം ഉപേക്ഷിച്ച് പ്രതിയായ ബിജു മുങ്ങുകയായിരുന്നു. പോലീസ് നടത്തിയ ദ്രുതഗതിയിലുള്ള അന്വേഷണത്തിലാണ് പ്രതിയെ വലയിലാക്കിയത്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
































