ദുബായ്: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര വ്യാപാര പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ യുഎസും ഇറാനും തമ്മിൽ ശക്തമായ സൈനിക ഏറ്റുമുട്ടൽ ആരംഭിച്ചു. തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെ സഞ്ചരിച്ച വാണിജ്യ ചരക്കുകപ്പലിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതാണ് ഒടുവിലെ സംഘർഷങ്ങൾക്ക് കാരണമായത്. ഇതിന് തൊട്ടുപിന്നാലെ ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് സൈന്യം ശക്തമായ പ്രത്യാക്രമണവും നടത്തി.
അടുത്തിടെ യുഎസും ഇറാനും തമ്മിൽ ഒരു താൽക്കാലിക വെടിനിർത്തൽ കരാർ ഒപ്പുവെച്ചിരുന്നു. എന്നാൽ ഈ ധാരണകളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ടാണ് സിംഗപ്പൂർ പതാകയുള്ള ‘എവർ ലവ്‌ലി’ എന്ന വലിയ ചരക്കുകപ്പലിന് നേരെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ഇന്നലെ നാല് ഡ്രോണുകൾ വിക്ഷേപിച്ചത്.
ഇതിൽ മൂന്ന് ഡ്രോണുകൾ യുഎസ് സൈന്യം വിജയകരമായി വെടിവെച്ചിട്ടെങ്കിലും, ഒരെണ്ണം കപ്പലിൽ വന്നിടിക്കുകയായിരുന്നു. ആക്രമണത്തിൽ കപ്പലിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ജീവനക്കാരെല്ലാം സുരക്ഷിതരാണ്. ഇറാന്റേത് വെടിനിർത്തൽ കരാറിന്റെ വിഡ്ഢിത്തം നിറഞ്ഞ ലംഘനമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കുറ്റപ്പെടുത്തി. മേഖലയിൽ ഇപ്പോഴും യുദ്ധസമാനമായ അന്തരീക്ഷമാണ് നിലനിൽക്കുന്നത്.































