വാഷിങ്ടൺ: യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് (USTR) ഓഫീസ് നടത്തുന്ന സെക്ഷൻ 301 അന്വേഷണങ്ങൾ പൂർത്തിയായാൽ നിലവിൽ റദ്ദാക്കിയ താരിഫ് നിരക്കുകൾ വീണ്ടും പഴയ നിലയിലേക്ക് പുനഃസ്ഥാപിക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് വ്യക്തമാക്കി. വിദേശ രാജ്യങ്ങളുടെ വ്യാപാര നയങ്ങളും രീതികളും അമേരിക്കൻ വ്യാപാര താൽപര്യങ്ങൾക്ക് അന്യായമായ ദോഷം വരുത്തുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനുള്ള അധികാരമാണ് 1974-ലെ യുഎസ് വ്യാപാര നിയമത്തിലെ സെക്ഷൻ 301 പ്രകാരം USTR-ന് നൽകിയിരിക്കുന്നത്.
ട്രംപ് ഭരണകൂടം വിവിധ വ്യാപാര പങ്കാളികൾക്ക് മേൽ ചുമത്തിയ അധിക താരിഫുകൾ യുഎസ് സുപ്രീം കോടതി നേരത്തെ റദ്ദാക്കിയിരുന്നു. എന്നാൽ, കോടതി റദ്ദാക്കിയ തീരുവകൾ മറ്റൊരു നിയമപരമായ സംവിധാനത്തിലൂടെ വീണ്ടും നടപ്പാക്കാനാണ് അമേരിക്കൻ ഭരണകൂടം നീങ്ങുന്നതെന്ന സൂചനയാണ് ട്രഷറി സെക്രട്ടറിയുടെ പ്രസ്താവന നൽകുന്നത്.
സുപ്രീം കോടതി വിധിക്ക് പിന്നാലെ ട്രംപ് ഭരണകൂടത്തിന് നിലവിൽ സെക്ഷൻ 122 പ്രകാരം പരമാവധി 10 ശതമാനം താരിഫ് മാത്രമാണ് ചുമത്താൻ നിയമപരമായ അധികാരമുള്ളത്. ഈ വ്യവസ്ഥ പ്രകാരമുള്ള തീരുവകൾക്ക് 150 ദിവസത്തെ കാലാവധിയാണുള്ളത്. നിലവിലെ കാലാവധി ജൂലൈ 24ന് അവസാനിക്കും.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ട്രഷറി സെക്രട്ടറിയുടെ പുതിയ പ്രതികരണം. കോടതി ഉത്തരവിന് മുമ്പ് ഇന്ത്യയ്ക്കുമേൽ അമേരിക്ക ചുമത്തിയിരുന്ന ആകെ താരിഫ് 50 ശതമാനമായിരുന്നു. ഇതിൽ 25 ശതമാനം റഷ്യൻ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട ശിക്ഷാനടപടിയുടെ ഭാഗമായാണ് ഏർപ്പെടുത്തിയിരുന്നത്.
സെക്ഷൻ 301 അന്വേഷണങ്ങളുടെ അന്തിമഫലവും തുടർനടപടികളും ഇന്ത്യ ഉൾപ്പെടെയുള്ള അമേരിക്കയുടെ പ്രധാന വ്യാപാര പങ്കാളികൾക്ക് നിർണായക സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ.

































