കൊച്ചി: കേരള തീരത്ത് അറബിക്കടലിൽ ‘എം.എസ്.സി എൽസ 3’ എന്ന ചരക്കുകപ്പൽ മുങ്ങി ഒരു വർഷം പിന്നിട്ടിട്ടും അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ കേന്ദ്രസർക്കാർ എന്താണ് ചെയ്തതെന്ന് ഹൈക്കോടതി. 2025 മേയ് ഒമ്പതിന് ശേഷം ഈ വിഷയത്തിൽ കാര്യമായ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കടലിനടിയിൽ ചിതറിക്കിടക്കുന്ന കണ്ടെയ്‌നറുകളെക്കുറിച്ച് കപ്പൽ കമ്പനി നൽകിയ വിവരങ്ങളും കോടതിക്ക് ലഭിച്ച റിപ്പോർട്ടുകളും തമ്മിൽ വലിയ പൊരൂത്തക്കേടുകളുണ്ടെന്ന് ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് രൂക്ഷമായി വിമർശിച്ചു.
കപ്പൽ ദുരന്തം മൂലമുണ്ടായ പരിസ്ഥിതി നാശം കാരണം തൊഴിൽ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് മുൻ എം.പി ടി.എൻ. പ്രതാപൻ അടക്കമുള്ളവർ നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്.
കടലിനടിയിൽ പതിയിരിക്കുന്ന വൻ വിപത്ത്*
പരിസ്ഥിതി വിഷയങ്ങൾ ബന്ധപ്പെട്ട ഏജൻസികൾ അന്വേഷിച്ചു വരികയാണെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജറായ അഡീഷണൽ സോളിസിറ്ററർ ജനറൽ കോടതിയെ അറിയിച്ചു. എന്നാൽ, നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്ന് കോടതി ഓർമ്മിപ്പിച്ചു:
ചിതറിക്കിടക്കുന്ന കണ്ടെയ്‌നറുകൾ: ഒന്നര മൈൽ ചുറ്റളവിലായി 96 കണ്ടെയ്‌നറുകളാണ് കടലിൽ ചിതറിക്കിടക്കുന്നത്. തകർന്ന കപ്പലിനുള്ളിൽ 475 കണ്ടെയ്‌നറുകൾ വേറെയുമുണ്ട്.
പ്ലാസ്റ്റിക് പെല്ലറ്റുകൾ: കപ്പലിലുള്ള പ്ലാസ്റ്റിക് പെല്ലറ്റുകൾ അടങ്ങിയ കണ്ടെയ്‌നർ തകർന്നാൽ അത് ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് കാരണമാകും.
കാൽസ്യം കാർബൈഡ് ഭീഷണി കാൽസ്യം കാർബൈഡ് അടങ്ങിയ കണ്ടെയ്‌നറുകൾ ശക്തമായ തിരമാലകളിൽ പെട്ട് തീരത്തെത്താൻ സാധ്യതയുണ്ടെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു.
കോടതിയുടെ നിരീക്ഷണം: കഴിഞ്ഞ വർഷം തീരത്തടിഞ്ഞ പ്ലാസ്റ്റിക് പെല്ലറ്റ് കണ്ടെയ്‌നർ സ്വതന്ത്ര ഏജൻസി വഴി നീക്കം ചെയ്തതായി കപ്പൽ കമ്പനിയുടെ അഭിഭാഷകൻ വാദിച്ചെങ്കിലും, ഇവ ഇപ്പോഴും വെയർഹൗസുകളിൽ സൂക്ഷിച്ചിരിക്കുകയാണെന്നും പൂർണ്ണമായി സംസ്കരിച്ചിട്ടില്ലെന്നും രേഖകൾ ചൂണ്ടിക്കാട്ടി കോടതി വ്യക്തമാക്കി.
കൂട്ടായ പരിശോധനയ്ക്ക് നിർദേശം
വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, കോസ്റ്റ് ഗാർഡ്, ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് (DGS) തുടങ്ങിയ ഏജൻസികൾ സംയുക്ത പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ നിർദേശിച്ചു.
ഇതുവരെ സ്വീകരിച്ചതും ഇനി സ്വീകരിക്കാനിരിക്കുന്നതുമായ നടപടികളെക്കുറിച്ച് അറിയിക്കാൻ കഴിഞ്ഞ 16-ലെ ഉത്തരവിലൂടെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നതായി കോടതി ഓർമ്മിപ്പിച്ചു. തുടർന്ന്, സമഗ്രമായ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സമർപ്പിക്കാമെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ അറിയിച്ചതിനെത്തുടർന്ന് ഹരജി ജൂലൈ 14-ലേക്ക് മാറ്റിവെച്ചു.

































