കൊച്ചി: നടപ്പാതകളിലൂടെ തടസ്സങ്ങളില്ലാതെ നടക്കാനുള്ള അവകാശം പൗരന് ഭരണഘടന ഉറപ്പുനൽകുന്നതാണെന്നും അവിടെ കിയോസ്‌കുകളോ കച്ചവട കേന്ദ്രങ്ങളോ അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി. കാൽനടയാത്രക്കാരുടെ സൗകര്യത്തിനാണ് മുൻഗണന നൽകേണ്ടത്. വാക്കിങ് സ്റ്റിക്ക്, ക്രച്ചസ്, വീൽചെയർ എന്നിവ ഉപയോഗിക്കുന്നവരും ‘പെഡസ്ട്രിയൻ’ (കാൽനടയാത്രക്കാർ) എന്ന നിർവചനത്തിൽപ്പെടുമെന്നും കോടതി ഓർമ്മിപ്പിച്ചു.
കൊച്ചിയിലെ ക്വീൻസ് വാക്ക്‌വേയിൽ കിയോസ്‌കുകൾ നിർമിക്കുന്നതിനെതിരെ തൃത്വം അപ്പാർട്ട്മെന്റ് ഓണേഴ്‌സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർണായക നിരീക്ഷണം നടത്തിയത്. എറണാകുളം ക്വീൻസ് വാക്ക്‌വേയിൽ കിയോസ്‌കുകൾ നിർമിക്കാനോ പ്രവർത്തിപ്പിക്കാനോ പാടില്ലെന്ന് കോടതി കർശന നിർദേശം നൽകി.
വാണിജ്യ താൽപ്പര്യങ്ങൾക്ക് വേണ്ടി കാൽനടയാത്രക്കാരെ അവഗണിക്കരുത്
ഭക്ഷണശാലകൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സൗകര്യങ്ങൾ ഒരുക്കി നഗരത്തിന്റെ വിനോദസഞ്ചാര സാധ്യതകൾ വർധിപ്പിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടതെന്നായിരുന്നു ‘ജിഡ’ (GIDA) ഉൾപ്പെടെയുള്ള എതിർകക്ഷികളുടെ വാദം. എന്നാൽ കോടതി ഈ വാദം തള്ളി
“കാൽനടയാത്രക്കാരുടെ സുരക്ഷയും സൗകര്യവും ലക്ഷ്യമിട്ട് ദീർഘവീക്ഷണത്തോടെ രൂപകൽപ്പന ചെയ്ത മേഖലകളെ വാണിജ്യ, വ്യാപാര താൽപ്പര്യങ്ങളുടെ പേരിൽ ഇല്ലാതാക്കരുത്. അവർക്ക് സൗകര്യങ്ങൾ ഒരുക്കാനും അത് കൃത്യമായി പരിപാലിക്കാനും നഗരസഭയ്ക്ക് ബാധ്യതയുണ്ട്.” – ഹൈക്കോടതി
നോ വെൻഡിങ് സോൺ’; ജിഡയ്ക്കോ നഗരസഭയ്ക്കോ അധികാരമില്ല
സ്ട്രീറ്റ് വെൻഡിങ് ആക്ട് പ്രകാരം കൊച്ചി നഗരസഭയുടെ നിയമാവലിയിൽ അയ്യപ്പൻകാവ് ഡിവിഷനിലെ ഗോശ്രീ-ചാത്യാത്ത് റോഡ് ‘നോ വെൻഡിങ് സോൺ’ ആയി പ്രഖ്യാപിച്ചിട്ടുള്ളതാണ്. അതിനാൽ ഇവിടെ കിയോസ്‌കുകളോ കടകളോ സ്ഥാപിക്കാൻ ഗോശ്രീ ഐലൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിക്കോ (ജിഡ) നഗരസഭയ്ക്കോ യാതൊരു അധികാരവുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ജിഡയും കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡും (CSML) ചേർന്ന് സൈക്കിൾ ട്രാക്ക്, ജോഗിങ് ട്രാക്ക്, നടപ്പാത എന്നിവയ്ക്കായി വിഭാവനം ചെയ്തതാണ് ഈ കായലോര ക്വീൻസ് വാക്ക്‌വേ. ഇവിടെ വീതികുറച്ച് കിയോസ്‌കുകൾ നിർമിക്കുന്നത് കാൽനടയാത്രക്കാരുടെ മൗലികാവകാശത്തെ ബാധിക്കുമെന്നും വലിയ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുമെന്നും കോടതി വ്യക്തത വരുത്തി.

































