കൊച്ചി:* സംസ്ഥാന സർക്കാരിന്റെ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിക്കെതിരെ നൽകിയ ഹർജി ഹൈക്കോടതി തള്ളി. പദ്ധതിയിൽ എന്ത് ഭരണഘടനാവിരുദ്ധതയാണ് ഉള്ളതെന്ന് ചൂണ്ടിക്കാണിക്കാൻ ഹർജിക്കാരന് സാധിച്ചില്ലെന്ന് കോടതി വ്യക്തമാക്കി. സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി നിർത്തിവെക്കണമെന്ന ആവശ്യവുമായാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചിരുന്നത്.
കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച കോടതി, കേസ് വിധി പറയാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വാദത്തിനിടെ ഹർജിക്കാരന് നേരെ കോടതി ശക്തമായ ചോദ്യങ്ങൾ ഉയർത്തിയിരുന്നു.
“സാധാരണക്കാരായ പാവപ്പെട്ട സ്ത്രീകൾക്കല്ലേ ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്? പിന്നെ എങ്ങനെയാണ് ഇത് നിർത്തിവെക്കാൻ ആവശ്യപ്പെടുക?” – ഹൈക്കോടതി
പ്രിയദർശിനി പദ്ധതി വെറുമൊരു രാഷ്ട്രീയ നേട്ടത്തിനായുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനം മാത്രമാണെന്നായിരുന്നു ഹർജിക്കാരന്റെ പ്രധാന വാദം. എന്നാൽ, *”തിരഞ്ഞെടുപ്പിൽ വാഗ്ദാനം നൽകിയവർ അത് പാലിച്ച്
നടപ്പിലാക്കുന്നത് കണ്ടുകൂടെ?” എന്നായിരുന്നു കോടതിയുടെ മറുചോദ്യം.
സ്ത്രീ ശാക്തീകരണവും സുരക്ഷിത യാത്രയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. കേരളത്തിൽ മാത്രമല്ല, തമിഴ്നാട്, കർണാടക തുടങ്ങിയ അയൽ സംസ്ഥാനങ്ങളിലും സമാനമായ പദ്ധതികൾ വിജയകരമായി നടപ്പിലാക്കുന്നുണ്ടെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. സർക്കാരിന്റെ വാദങ്ങൾ അംഗീകരിച്ച കോടതി, ഹർജി പൂർണ്ണമായും തള്ളിക്കളയുകയായിരുന്നു.


































