കൊച്ചി:* നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനോട് നിലപാട് തേടി ഹൈക്കോടതി. മെമ്മറി കാർഡിന്റെ ആക്സസ് ലോഗ് വിവരങ്ങൾ ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. കേസിൽ സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം തേടിയ കോടതി, ഹർജി അടുത്ത ആഴ്ച വീണ്ടും പരിഗണിക്കുന്നതിനായി മാറ്റി.
വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് മൂന്ന് തവണ നിയമവിരുദ്ധമായി പരിശോധിക്കപ്പെട്ടതായി ഫോറൻസിക് പരിശോധനാ റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ഇതിന് പിന്നിലെ വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നും, കുറ്റക്കാർക്കെതിരെ അന്വേഷണം പ്രഖ്യാപിക്കണമെന്നുമാണ് അതിജീവിതയുടെ ആവശ്യം.
മെമ്മറി കാർഡ് പരിശോധിച്ച സമയത്തെ ആക്സസ് ലോഗ് വിവരങ്ങൾ ലഭ്യമാക്കാൻ നിർദേശിക്കണം എന്ന് ആവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ അതീവ നിർണായകമായ ഡിജിറ്റൽ തെളിവുകളുടെ സുരക്ഷിതത്വത്തെ ബാധിക്കുന്ന വിഷയമാണിതെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
മെമ്മറി കാർഡ് ചോർച്ചയുമായി ബന്ധപ്പെട്ട് മുൻപ് ജില്ലാ ജഡ്ജി നടത്തിയ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾക്കെതിരെയും അതിജീവിത രംഗത്തുവന്നിരുന്നു. കേസ് അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്ന ആശങ്ക നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ ഇപ്പോൾ നിർണായകമാകുന്നത്.































