ന്യൂഡൽഹി:* പതിറ്റാണ്ടുകളായി താൽക്കാലിക തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക്, അവരുടെ ജോലി ഔദ്യോഗികമായി സ്ഥിരപ്പെടുത്തിയിട്ടില്ലെങ്കിൽ പോലും വിരമിക്കുമ്പോൾ പെൻഷൻ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്ന് സുപ്രീംകോടതി. പെൻഷൻ എന്നത് ഭരണാധികാരികളുടെ കാരുണ്യമോ ദാനമോ അല്ലെന്നും, അത് ജീവനക്കാരുടെ അവകാശമാണെന്നും കോടതി ഓർമ്മിപ്പിച്ചു. തപാൽ വകുപ്പിൽ നൈറ്റ് ഗാർഡുമാരായി ദീർഘകാലം ജോലി ചെയ്ത താൽക്കാലിക ജീവനക്കാരുടെ കുടുംബങ്ങൾ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന വിധി.ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്
വിധിയുടെ പ്രധാന പ്രസക്തഭാഗങ്ങൾ
പെൻഷൻ എന്നത് അവകാശമാണ് പെൻഷൻ എന്നത് തൊഴിലുടമയുടെ സാമ്പത്തിക സൗകര്യത്തിനനുസരിച്ച് നൽകുന്ന ഒരു ദാനമല്ല (Bounty), മറിച്ച് ജീവനക്കാരൻ ദീർഘകാലത്തെ സേവനത്തിലൂടെ നേടിയെടുത്ത അവകാശമാണ്.
താൽക്കാലികക്കാരൻ (Casual/Temporary) എന്ന തസ്തികയുടെ പേര് മാത്രം നോക്കി ദീർഘകാലം ജോലി ചെയ്ത ഒരാൾക്ക് സാമൂഹിക സുരക്ഷയും പെൻഷനും നിഷേധിക്കാൻ കഴിയില്ല.
- സർക്കാരിന്റെ സാമ്പത്തിക ബാധ്യത: പെൻഷൻ നൽകുന്നത് വഴി സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകും എന്ന വാദം കോടതി തള്ളി. ഒരു ‘മോഡൽ തൊഴിലുടമ’ (Model Employer) ആയിരിക്കണം സർക്കാരെന്ന് കോടതി ഓർമ്മിപ്പിച്ചു.
10 വർഷത്തെ സേവനം മതിയാകും:* ‘Temporary Status’ ലഭിച്ച് 3 വർഷം പൂർത്തിയാക്കിയ താൽക്കാലിക ജീവനക്കാരെ ഗ്രൂപ്പ്-ഡി (Group D) ജീവനക്കാരായി പരിഗണിക്കണമെന്നും, 10 വർഷത്തെ സേവന കാലാവധിയുണ്ടെങ്കിൽ അവർക്ക് പെൻഷന് അർഹതയുണ്ടെന്നും CCS (Temporary Service) ചട്ടങ്ങൾ മുൻനിർത്തി കോടതി വ്യക്തമാക്കി.
18 വർഷം നീണ്ട നിയമപോരാട്ടം
ബിഹാറിൽ നിന്നുള്ള ഭികാനി ദേവി എന്ന വിധവയുടെ ഭർത്താവ് ഉൾപ്പെടെയുള്ള താൽക്കാലിക ജീവനക്കാരാണ് ഈ കേസിന് പിന്നിൽ. 30 വർഷത്തോളം തപാൽ വകുപ്പിൽ താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്ത ശേഷം വിരമിച്ച ഇവർക്ക് ജോലി സ്ഥിരപ്പെടുത്തിയിട്ടില്ല എന്ന കാരണം പറഞ്ഞ് തപാൽ വകുപ്പ് പെൻഷൻ നിഷേധിക്കുകയായിരുന്നു. ഇതിനെതിരെ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ (CAT) അനുകൂല വിധി നൽകിയെങ്കിലും പട്ന ഹൈക്കോടതി അത് റദ്ദാക്കി. ഇതിനെതിരെയാണ് 18 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ സുപ്രീംകോടതിയിൽ നിന്നും ഇവർക്ക് അനുകൂല വിധി ലഭിച്ചത്.
വിധി വന്ന് മൂന്ന് മാസത്തിനകം ഹർജിക്കാർക്കുള്ള പെൻഷൻ ആനുകൂല്യങ്ങൾ കണക്കാക്കി നൽകണമെന്നും സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട് ഉത്തരവിട്ടിട്ടുണ്ട്. വിവിധ സർക്കാർ വകുപ്പുകളിൽ ദീർഘകാലമായി താൽക്കാലികമായി ജോലി ചെയ്യുന്ന രാജ്യത്തെ ആയിരക്കണക്കിന് ജീവനക്കാർക്ക് വലിയ ആശ്വാസമേകുന്നതാണ് ഈ സുപ്രീംകോടതി വിധി.































