ജിദ്ദ: അതിർത്തികൾ വഴി സൗദിയിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച 750 പേരെ സമീപ കാലത്ത് അറസ്റ്റ് ചെയ്തതായി അതിർത്തി സുരക്ഷാ സേന അറിയിച്ചു. നുഴഞ്ഞുകയറ്റക്കാരായ 456 എത്യോപ്യക്കാരും 269 യെമനികളും ഒരു സോമാലിയക്കാരനും ഒരു ശ്രീലങ്കക്കാരനും 23 സൗദി പൗരന്മാരുമാണ് അറസ്റ്റിലായത്. തബൂക്ക്, ജിസാൻ, അസീർ, നജ്റാൻ പ്രവിശ്യകളിലെ അതിർത്തികൾ വഴി ഇവർ കടത്താൻ ശ്രമിച്ച 939 കിലോ ഹഷീഷും വ്യത്യസ്ത ഇനങ്ങളിൽ പെട്ട 3,73,908 ലഹരി ഗുളികകളും 103 ടൺ ഖാത്തും സൈന്യം പിടികൂടി.
മയക്കുമരുന്ന് കടത്ത്, വിതരണ മേഖലയിൽ പ്രവർത്തിക്കുന്നവരെ കുറിച്ച് മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളിൽ 999 എന്ന നമ്പറിലും 995 എന്ന നമ്പറിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്‌സ് കൺട്രോളിലും ബന്ധപ്പെട്ട് സ്വദേശികളും വിദേശികളും അറിയിക്കണമെന്ന് സുരക്ഷാ വകുപ്പുകൾ ആവശ്യപ്പെട്ടു. മയക്കുമരുന്ന് കടത്തുകാരെയും വിതരണക്കാരെയും കുറിച്ച് നൽകുന്ന വിവരങ്ങൾ തീർത്തും രഹസ്യമായി കൈകാര്യം ചെയ്യുമെന്നും സുരക്ഷാ വകുപ്പുകൾ പറഞ്ഞു.
































