റിയാദ്: സൗദിയിൽ റോഡപകട മരണ നിരക്ക് 50 ശതമാനത്തിലേറെ കുറഞ്ഞതായി ഗതാഗത, ലോജിസ്റ്റിക്‌സ് സർവീസ് മന്ത്രിയും റോഡ്‌സ് ജനറൽ അതോറിറ്റി ഡയറക്ടർ ബോർഡ് പ്രസിഡന്റുമായ എൻജിനീയർ സ്വാലിഹ് അൽജാസിർ പറഞ്ഞു. റിയാദിൽ ദ്വിദിന റോഡ് സുരക്ഷാ, സുസ്ഥിരതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ 2021 ൽ ദേശീയ ഗതാഗത, ലോജിസ്റ്റിക്‌സ് തന്ത്രം പ്രഖ്യാപിച്ചതു മുതൽ റോഡ് ശൃംഖലകളിലെ ഗുണനിലവാരവും സുരക്ഷയും ഉയർത്തുന്ന തലത്തിൽ റോഡ് മേഖലയിൽ രാജ്യം വലിയ നേട്ടങ്ങളും വിജയങ്ങളും കൈവരിച്ചു. റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയ ഗതാഗത, ലോജിസ്റ്റിക്‌സ് തന്ത്രത്തിൽ നിർണയിച്ച ലക്ഷ്യം മറികടക്കാൻ ഇതിനകം സാധിച്ചു.
നൂതന പദ്ധതികളിലൂടെ ഗതാഗത സുരക്ഷാ നിലവാരം വർധിപ്പിക്കാനുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. റോഡ് ശൃംഖല കണക്ടിവിറ്റിയുടെ കാര്യത്തിൽ സൗദി അറേബ്യ ലോകത്ത് ഒന്നാം സ്ഥാനത്താണ്. ഇത് ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കാൻ സഹായിക്കുന്നു. റോഡ് കൂളിംഗ് സാങ്കേതികവിദ്യ, റബ്ബർ റോഡുകളുടെ ഉപയോഗം തുടങ്ങി റോഡ് മേഖലയിൽ നിരവധി നൂതന ശാസ്ത്രീയ ആശയങ്ങൾ നടപ്പാക്കുന്ന മധ്യപൗരസ്ത്യ ദേശത്തെ ആദ്യത്തെ രാജ്യമാണ് സൗദി അറേബ്യ. ജി-20 രാജ്യങ്ങളിൽ റോഡ് ഗുണനിലവാര സൂചികയിൽ സൗദി അറേബ്യക്ക് നാലാം സ്ഥാനത്തേക്ക് മുന്നേറാൻ സാധിച്ചതായും എൻജിനീയർ സ്വാലിഹ് അൽജാസിർ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ സർവേയുടെ ഫലങ്ങൾ അനുസരിച്ച് സൗദിയിലെ 77 ശതമാനം റോഡുകളും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതായി സമ്മേളനത്തിൽ സംസാരിച്ച റോഡ്‌സ് ജനറൽ അതോറിറ്റി ആക്ടിംഗ് സി.ഇ.ഒ ബദ്‌ർ അൽദലാമി പറഞ്ഞു. ഇന്റർനാഷണൽ റോഡ് ഫെഡറേഷനുമായുള്ള പങ്കാളിത്തത്തിലൂടെ റോഡ്‌സ് ജനറൽ അതോറിറ്റി റിയാദിൽ സംഘടിപ്പിക്കുന്ന ദ്വിദിന സമ്മേളനത്തിൽ ബഹുരാഷ്ട്ര കമ്പനികൾ അടക്കം 50 ലേറെ രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലേറെ വിദഗ്ഗർ പങ്കെടുക്കുന്നുണ്ട്.































