ജിദ്ദ: മരുന്ന്, ഭക്ഷ്യവസ്തു മേഖലയിൽ പരസ്പര സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് സൗദി, ഇന്ത്യ ചർച്ച. സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി സി.ഇ.ഒ ഡോ. ഹിശാം ബിൻ സഅദ് അൽജദ്‌ഇയും ഇന്ത്യൻ വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയലുമാണ് ഇക്കാര്യത്തിൽ ന്യൂദൽഹിയിൽ ചർച്ച നടത്തിയത്. ഡ്രഗ് റെഗുലേറ്ററി അതോറിറ്റികളുടെ 19-ാമത് അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കാൻ ന്യൂദൽഹിയിലെത്തിയപ്പോഴാണ് ഡോ. ഹിശാം ബിൻ സഅദ് അൽജദ്ഇ ഇന്ത്യൻ വാണിജ്യ, വ്യവസായ മന്ത്രിയുമായി ചർച്ച നടത്തിയത്.
ഭക്ഷണം, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികളുമായുള്ള സഹകരണം അടക്കം വിവിധ പ്രവർത്തന മേഖലകളിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനെ കുറിച്ചും പൊതുതാൽപര്യമുള്ള നിരവധി വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു. ലോകമെമ്പാടും ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങളുടെ സുരക്ഷയും ഫലപ്രാപ്തിയും ഗുണനിലവാരവും ഉറപ്പാക്കുന്നതിന് അന്താരാഷ്ട്ര മാനദണ്ഡങ്ങളുമായി റെഗുലേറ്ററി ചട്ടക്കൂട് സമന്വയിപ്പിക്കാനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് ഇന്ത്യയുമായുള്ള സഹകരണമെന്ന് ഡോ. ഹിശാം ബിൻ സഅദ് അൽജദ്ഇ പറഞ്ഞു. മുഴുവൻ ലക്ഷ്യങ്ങളും നേടിയെടുക്കാൻ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്നും ഡോ. ഹിശാം ബിൻ സഅദ് അൽജദ്ഇ പറഞ്ഞു

































