റിയാദ്: രാജ്യത്തെ കള്ള ടാക്‌സി സർവീസുകൾക്കെതിരേ നടപടികൾ കർക്കശമാക്കി സൗദി ആഭ്യന്തര മന്ത്രാലയം. സൗദിയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് അനുമതിയില്ലാതെ ടാക്സി സർവീസ് നടത്തിയ 932 വാഹനങ്ങൾ പിടികൂടിയതായി അധികൃതർ. പിടികൂടിയ വാഹനങ്ങൾ കണ്ടുകെട്ടുകയും ഡ്രൈവർമാർക്ക് 5000 റിയാൽ പിഴ ചുമത്തുകയും ചെയ്തതായി അധികൃതർ അറിയിച്ചു. കള്ള ടാക്സികൾക്കെതിരെ വരും ദിവസങ്ങളിലും കടുത്ത നടപടി സ്വീകരിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
റിയാദ് വിമാനത്താവളത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ കള്ള ടാക്‌സികളെയും ഡ്രൈവർമാരെയും പിടികൂടിയത്. ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഇവിടെ നിന്ന് മാത്രം 379 പേരെ കള്ള ടാക്‌സികളെ സർവീസ് നടത്തവെ പിടികൂടി. മദീന, ജിദ്ദ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചുള്ള പരിശോധനയിലും നിരവധി പേർ പിടിയിലായി. ഇതോടെ ആറു മാസത്തിനിടെ ടാക്‌സി ലൈസൻസില്ലാതെ സർവീസ് നടത്തി പിടിയിലായവരുടെ എണ്ണം 7550 ആയി ഉയർന്നതായും അധികൃതർ വ്യക്തമാക്കി.
യാത്രക്കാർക്ക് എളുപ്പത്തിൽ ലഭ്യമാവുന്ന വിധത്തിൽ ആവശ്യത്തിന് അംഗീകൃത ടാക്സി സർവീസുകൾ വിമാനത്താവളങ്ങളിൽ 24 മണിക്കൂറും സർവീസ് നടത്തുന്നുണ്ടെന്നും ഇത്തരം ലൈസൻസുള്ള ടാക്സികളെ മാത്രം യാത്രയ്ക്കായി ആശ്രയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം യാത്രക്കാർക്ക് നിർദേശം നൽകി. 3600 അംഗീകൃത ടാക്സി സർവീസുകൾ രാജ്യത്തെ വിവിധ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. അതോടൊപ്പം ലൈസൻസുള്ള ഓൺലൈൻ ടാക്സി കമ്പനികളുടെ സേവനങ്ങളും ലഭ്യമാണ്

































