കുവൈറ്റ് സിറ്റി: കുവൈറ്റിൽ മയക്കുമരുന്ന് കടത്തും വിതരണവും തടയുന്നതിന്റെ ഭാഗമായുള്ള നടപടികൾ കൂടുതൽ വ്യാപകമാക്കി ആഭ്യന്തര മന്ത്രാലയം. മയക്കുമരുന്ന് കടത്തും സൈക്കോട്രോപിക് ലഹരിവസ്തുക്കളുടെ ദുരുപയോഗവും തടയുന്നതിനായാണ് റെയ്ക്ക് ഉൾപ്പെടെയുള്ള നടപടികൾ കർശനമാക്കിയത്. റെയ്യിൽ നിരവധിയാളുകൾ പിടിയിലായി. കുവൈറ്റിലെ ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ കോംബാറ്റിങ് നാർക്കോട്ടിക്‌സിന്റെ നേതൃത്വത്തിലാണ് രാജ്യത്തൊട്ടാകെ റെയ്ക് നടത്തിയത്.
വ്യാപക റെയ്കിൽ വിവിധയിടങ്ങളിൽ നിന്ന് വൻ തോതിൽ മയക്കുമരുന്ന് പിടികൂടിയതായി അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 23 പേരാണ് ഒറ്റ ദിവസം കൊണ്ട് പിടിയിലായത്. മയക്കുമരുന്ന് കൈവശം വച്ചതിനും വിതരണം ചെയ്തതിനുമാണ് ഇത്രയും പേർ പിടിയിലായത്. അന്വേഷണത്തിന് വൻ മയക്കുമരുന്ന് വിതരണ ശൃംഖല കണ്ടെത്തിയതായും അധിക്യതർ അറിയിച്ചു. ഇവരിൽ നിന്ന് 42 കിലോ ഗ്രാം വിവിധ മയക്കുമരുന്നുകളും 9,000 സൈക്കോട്രോപിക് ഗുളികകളും കണ്ടെടുക്കാൻ സാധിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മയക്കുമരുന്ന് വിൽപ്പനയിൽ നിന്നുള്ള വരുമാനമെന്ന് കരുതുന്ന പണവും അധികൃതർ പിടിച്ചെടുത്തു. 17 വ്യത്യസ്ത കേസുകളിൽ പിടിയിലായ പ്രതികൾ യക്കുമരുന്ന് കടത്ത് മുതൽ വ്യക്തിഗത ഉപഭോഗം വരെയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി കണ്ടെത്തി. പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതികൾ തങ്ങളുടെ പങ്കാളിത്തം സമ്മതിച്ചു. ചിലരിൽ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നുകൾ പ്രാദേശിക വിപണിയിൽ വിതരണം ചെയ്യാൻ ഉദ്ദേശിച്ചുള്ളവയാണെന്ന് സമ്മതിച്ചു.
കഴിഞ്ഞ ദിവസം രാജ്യത്തെ മയക്കുമരുന്ന് വ്യാപനം തടയുന്നതിന് ശക്തമായ ക്യാമ്പയിൻ ആരംഭിക്കേണ്ട ആവശ്യകത മന്ത്രിസഭാ യോഗം ചർച്ച ചെയ്തിരുന്നു. ഇതേത്തുടർന്നാണ് രാജ്യവ്യാപകമായി പരിശോധനാ റെയ്നുകൾ ആരംഭിച്ചത്. പരിശോധനകൾ വൻ വിജയമായിരുന്നുവെന്നും മയക്കുമരുന്ന് കടത്തുന്ന ഏജൻസികളെയും വിതരണ ശൃംഖലയെയും കണ്ടെത്താൻ പരിശോധനയിലൂടെ സാധിച്ചതായും അധികൃതർ വ്യക്തമാക്കി. രാജ്യത്ത് മയക്കുമരുന്ന് ഉപയോഗവും അതുമൂലമുള്ള മരണം ഉൾപ്പെടെയുള്ള പ്രശ്നങ്ങളും വലിയ തോതിൽ വർധിച്ചുവരുന്നതായുള്ള റിപ്പോർട്ടുകളെ തുടർന്നായിരുന്നു ഇതിനെതിരായ നടപടികൾ ശക്തമാക്കിയത്.
രാജ്യവ്യാപക ഓപ്പറേഷനിൽ അറസ്റ്റിലായ പ്രതികളെയും പിടിച്ചെടുത്ത മയക്കുമരുന്നുകളും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തു. മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവയുടെ നിയമവിരുദ്ധ വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന നെറ്റ്വർക്കുകൾ കണ്ടെത്തി തകർക്കാനുള്ള നീക്കങ്ങൾ വരുംദിനങ്ങളിൽ കൂടുതൽ ശക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി

































