ആലപ്പുഴ: ബീച്ചിലെ പൊതു ശുചിമുറി സമുച്ചയം തകർത്ത് മോഷണം നടത്തിയ പ്രതി പിടിയിൽ തിരുവനന്തപുരം വള്ളക്കടവ് കൊച്ചുതോപ്പിൽ ടി ടി ഹൗസിൽ സന്തോഷ് (തഥേയോസ്-38) ആണ് പോലീസിന്റെ പിടിയിലായത്.
നഗരസഭ പണിത പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം ഉദ്ഘാടനത്തിന് മുമ്പ് തകർത്താണ് പ്രതി മോഷണം നടത്തിയത്. നിർമ്മാണം പൂർത്തീകരിച്ച ശേഷം പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുന്നതിന് മുമ്പ് നഗരസഭാ അധികൃതർ നടത്തിയ പരിശോധനയിലാണ് ജനൽ ചില്ല് പൊട്ടിച്ച് ഗ്രിൽ ഇളക്കിമാറ്റി അകത്തുകയറി വാഷ് ബേസനുകൾ നശിപ്പിക്കുകയും, 25000 രൂപയോളം വിലവരുന്ന ടാപ്പും അനുബന്ധ സാധനങ്ങളും മോഷ്ടിച്ച വിവരം പുറത്തുവന്നത്.
തുടർന്ന് പൊലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. മോഷണത്തിന് ശേഷം തിരുവനന്തപുരത്തേക്ക് കടന്ന പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.

































