അബുദാബി: യുഎഇയിലുടനീളമുള്ള പാസഞ്ചർ ട്രെയിനുകളുടെ യാത്രാ സമയം വെളിപ്പെടുത്തി ഇത്തിഹാദ് റെയിൽ, കനത്ത ട്രാഫിക്കിനിടയിലൂടെ അബുദാബിയിൽ നിന്ന് ദുബായിലേക്കുള്ള യാത്ര സാധാരണ രണ്ട് മണിക്കൂർ എടുക്കുമെങ്കിൽ മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ കുതിച്ചുപായുന്ന ഇത്തിഹാദ് പാസഞ്ചർ ട്രെയിനിൽ ഈ ദൂരം പിന്നിടാൻ വേണ്ടത് വെറും 57 മിനുട്ട് ഉടൻ സർവീസ് ആരംഭിക്കാനിരിക്കുന്ന ഇത്തിഹാദ് റെയിൽ ഇതിന്റെ മുന്നോടിയായി യുഎഇയിലെ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രാ സമയങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
അബുദാബിയിൽ നിന്ന് 240 കിലോമീറ്റർ അകലെയുള്ള അൽ റുവൈസിലേക്ക് യാത്ര ചെയ്യാൻ ഇത്തിഹാദ് ട്രെയിനിൽ 70 മിറ്റ് മതിയാകും. കൂടാതെ, അബുദാബിയിൽ നിന്ന് കിഴക്കൻ എമിറേറ്റായ ഫുജൈറയിലേക്കുള്ള യാത്രകൾ 105 മിനിറ്റാണ് വേണ്ടിവരിക. കൂടുതൽ ലക്ഷ്യസ്ഥാനങ്ങളും യാത്രാ സമയവും ഉടൻ വെളിപ്പെടുത്തുമെന്ന് അധിക്യതർ അറിയിച്ചു. റുവൈസ്, അൽ മിർഫി, ഷാർജ, അൽ ദൈദ്, അബൂദാബി, ദുബായ് എന്നിവയുൾപ്പെടെ അൽ സില മുതൽ ഫുജൈറ വരെ വ്യാപിച്ചുകിടക്കുന്ന യുഎഇയിലെ 11 നഗരങ്ങളെയും പ്രദേശങ്ങളെയും ഹൈടെക് പാസഞ്ചർ ട്രെയിനുകൾ ബന്ധിപ്പിക്കും. പാസഞ്ചർ സ്റ്റേഷനുകളുടെ രണ്ട് സ്ഥലങ്ങൾ അധികൃതർ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യത്തേത് ഫുജൈറയിലെ സകംകാമിലും രണ്ടാമത്തേത് ഷാർജയിലെ യൂണിവേഴ്സിറ്റി സിറ്റിയിലുമാണ് വരുന്നത്.

ഇത്തിഹാദ് റെയിൽ അതിന്റെ പാസഞ്ചർ സർവീസ് ആരംഭിക്കുന്നതിനുള്ള ഒരുക്കത്തിലാണെന്ന് അധികൃതർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രഖ്യാപനങ്ങൾ വരും മാസങ്ങളിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർവീസ് ആരംഭിക്കുന്ന കൃത്യമായ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അധികം താമസിയാതെ അതുണ്ടാകുമെന്ന പ്രതീക്ഷയിലാണ് യുഎഇയിലെ സ്വദേശികളും പ്രവാസികളും ഇത്തിഹാദ് റെയിൽ പ്രവർത്തനക്ഷമമായാൽ പ്രതിവർഷം 36.5 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുമെന്നാണ് കണക്കാക്കപ്പെടുന്നത്.

2024 ജനുവരിയിൽ അബുദാബി നഗരത്തിനും അൽ ദന്ന മേഖലയ്ക്കും ഇടയിൽ പാസഞ്ചർ ട്രെയിനുകൾ പരീക്ഷണം ഓട്ടം നടത്തിയിരുന്നു. സിൽവർ, ഗ്രേ നിറങ്ങളിലുള്ള കോച്ചുകളിൽ ്ളൈറ്റ് ക്ലാസുകൾക്ക് സമാനമായ വ്യത്യസ്ത തരം ഇരിപ്പിടങ്ങളാണുള്ളത്. കോച്ചുകളിലുടനീളം 2+2 ഫോർമാറ്റിലാണ് സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. കമ്പാർട്ട്മെന്റുകൾ വൈദ്യുത വാതിലുകളാൽ വേർതിരിച്ചിരിക്കുന്നു. കൂടാതെ ട്രെയിനിന്റെ ഓരോ കമ്പാർട്ടിമെന്റിലും ലൊക്കേഷൻ, എത്തിച്ചേരുന്ന സമയം തുടങ്ങിയ വിവരങ്ങൾ ടിവി സ്ക്രീനുകൾ പ്രദർശിപ്പിക്കാൻ സംവിധാനമുണ്ട്. 15 ആഡംബര വണ്ടികളാണ് സർവീസിനായി ഒരുക്കിയിട്ടുള്ളത്.
2021 ഡിസംബറിൽ ആരംഭിച്ച 50 ബില്യൺ ദിർഹം യുഎഇ റെയിൽവേ പ്രോഗ്രാം രാജ്യത്തുടനീളം ചരക്കുകളും യാത്രക്കാരും എത്തിക്കുന്നതിനുള്ള ഏറ്റവും വലിയ സംയോജിത സംരംഭമാണ്. എമിറേറ്റുകളെയും രാജ്യത്തെ പ്രധാന നഗരങ്ങളെയും ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതികളുടെ ദേശീയ ശൃംഖലയുടെ ഭാഗമാണിത്. 2030-ഓടെ റെയിൽവേ മേഖലയിലും അനുബന്ധ മേഖലകളിലുമായി 9,000-ത്തിലധികം തൊഴിലവസരങ്ങൾ ഇതുവഴി സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കുകൂട്ടൽ. റെയിൽവേയുടെ അടിസ്ഥാന സൗകര്യങ്ങളിൽ ഭൂരിഭാഗവും ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. 2023 മുതൽ ചരക്ക് ഗതാഗതം നടന്നുവരുന്നുണ്ട്. ഈ മേഖലയിലെ ഏറ്റവും ആധുനിക ചരക്ക് ട്രെയിനുകളുടെ ഫ്ളീറ്റിൽ 38 ലോക്കോമോട്ടീവുകൾ ഉൾപ്പെടുന്നു. പ്രതിവർഷം 60 ദശലക്ഷം ടൺ ചരക്കുകൾ കടത്താൻ ഇവയ്ക്ക് ശേഷിയുണ്ട്.
































