റിയാദ്: ഈ വർഷം മൂന്നാം പാദത്തിൽ സൗദി അധികൃതർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിൽ ഒരു കോടിയോളം വ്യാജ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് (പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാണിജ്യ തട്ടിപ്പുകളെക്കുറിച്ചുള്ള 1,59,000 റിപ്പോർട്ടുകളാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ അന്വേഷണ സംഘം പരിശോധിച്ചത്.
ഇതിനുപുറമെ, 447 വാണിജ്യ വഞ്ചന കേസുകൾ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായും സൗദി വാണിജ്യ മന്ത്രാലയം ത്രൈമാസ ബുള്ളറ്റിനിൽ പറഞ്ഞു. രാജ്യത്തിന്റെ വാണിജ്യ രംഗത്തെ അഴിമതി വിരുദ്ധ നിയമങ്ങൾ ലംഘിച്ച കേസുകളിൽ ബിസിനസ്സ് സ്ഥാപനങ്ങളിൽ നിന്നായി മൊത്തം 80 ലക്ഷം റിയാൽ പിഴ ഈടാക്കിയതായും മന്ത്രാലയം അറിയിച്ചു.
ബ്രാൻ്റ് ഉൽപ്പന്നങ്ങളുടെ വ്യാജ പതിപ്പുകളുണ്ടാക്കുകയും വിൽപ്പന നടത്തുകയും ചെയ്യുക, കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങളുടെ തീയതി തിരുത്തി വിൽപ്പന നടത്തുക, ഗുണനിലവാരം കുറഞ്ഞ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുക. തൂക്കത്തിലും അളവിലും കൃത്രിമം കാണിക്കുക, പ്രൊമോഷനുകളുടെ മറവിലെ തട്ടിപ്പുകൾ, സാധനങ്ങൾക്ക് അമിത വില ഈടാക്കൽ തുടങ്ങിയവയാണ് പിടികൂടിയ നിയമ ലംഘനങ്ങളിൽ ഏറെയും. സൗദിയിലെ മാർക്കറ്റ് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും നിയമവിരുദ്ധമായ പ്രവൃത്തി തടയാനും ലക്ഷ്യമിട്ടുള്ള സംരംഭങ്ങളുടെ ഭാഗമായി തങ്ങളുടെ എതിരാളികൾ നടത്തുന്ന വാണിജ്യ തട്ടിപ്പുകളെയും അഴിമതികളെയും കുറിച്ച് റിപ്പോർട്ട് ചെയ്യാൻ വാണിജ്യ സ്ഥാപനങ്ങളെ അനുവദിക്കുന്ന ഒരു ഇലക്ട്രോണിക് സേവനം സൗദി അധികൃതർ അടുത്തിടെ ആരംഭിച്ചിരുന്നു.
സൗദി അറേബ്യയിലെ വാണിജ്യവിരുദ്ധ കവർഅപ്പ് നിയമം ലംഘിച്ചാൽ പരമാവധി അഞ്ച് വർഷം വരെ തടവും 50 ലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷയായി ലഭിക്കുക. ഇതിനു പുറമെ കുറ്റവാളിക്കെതിരെ കോടതി അന്തിമ വിധി പുറപ്പെടുവിച്ചതിന് ശേഷം തട്ടിപ്പിലൂടെയും അഴിമതിയിലൂടെയും നേടിയെടുത്ത അനധികൃത പണം അധികൃതർ കണ്ടുകെട്ടുകയും ചെയ്യും.
സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ജനറൽ അതോറിറ്റി എന്നിവയുൾപ്പെടെ രാജ്യത്തെ നിരവധി സർക്കാർ സ്ഥാപനങ്ങളുടെ പിന്തുണയോടെ 2019 ലാണ് വാണിജ്യ സ്ഥാപനങ്ങളുടെ അഴിമതി ചെറുക്കുന്നതിനുള്ള ദേശീയ പരിപാടി സ്ഥാപിച്ചത്. സൗദി വാണിജ്യ മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഈ പരിപാടി വാണിജ്യപരമായ തട്ടിപ്പുകൾ തുറന്നുകാട്ടുക എന്ന ദൗത്യത്തോടെയാണ് പ്രവർത്തിക്കുന്നത്. ബിസിനസുകൾക്കായി ബാങ്ക് അക്കൗണ്ടുകൾ തുറക്കാനും സേവനങ്ങൾ ഓട്ടോമേറ്റ് ചെയ്യാനും പ്രോത്സാഹിപ്പിക്കുക വഴി വാണിജ്യ സുതാര്യത വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളും മന്ത്രാലയം സ്വീകരിച്ചു വരുന്നു.

































