ജിദ്ദ: സൗദിയിൽ ഗാർഹിക തൊഴിലാളികളുടെ തൊഴിൽ തർക്കങ്ങളിൽ നീതിന്യായ മന്ത്രാലയത്തിനു കീഴിലെ ലേബർ കോടതികൾ തീർപ്പ് കൽപിക്കുന്ന സംവിധാനം നാളെ മുതൽ നിലവിൽ വരുമെന്ന് മാനവശേഷി. സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. തൊഴിൽ പരാതികൾ നൽകാൻ ആഗ്രഹിക്കുന്നവർ ആദ്യം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി പരാതികൾ സമർപ്പിക്കണം. തൊഴിലുടമകളുമായും തൊഴിലാളികളുമായും ചർച്ചകൾ നടത്തി പരാതികൾക്ക് അനുരഞ്ജന പരിഹാരം കാണാൻ മന്ത്രാലയം ശ്രമിക്കും.
നിശ്ചിത സമയത്തിനകം രമ്യമായ പരിഹാരം കാണാൻ കഴിയാത്ത പക്ഷം പരാതികൾ വിചാരണ ചെയ്ത് തീർപ്പ് കൽപിക്കുന്നതിന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നീതിന്യായ മന്ത്രാലയത്തിനു കീഴിലെ ലേബർ കോടതികൾക്ക് കൈമാറുകയാണ് ചെയ്യുക. സർക്കാർ വകുപ്പുകളുടെ റോളുകൾ ക്രമീകരിക്കാനും അധികാരമനുസരിച്ച് റോളുകൾ വീതിച്ചുനൽകാനുമാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതനുസരിച്ച് ഗാർഹിക തൊഴിലാളികളുടെ തൊഴിൽ കേസുകൾക്ക് രമ്യമായി പരിഹാരം കാണുന്നതുമായി ബന്ധപ്പെട്ട് തൊഴിൽ തർക്ക അനുരഞ്ജന പരിഹാര സമിതികളുടെ ചുമതല മാനവശേഷി, സാമൂഹിക വിസകന മന്ത്രാലയത്തിനും കേസുകൾ വിചാരണ ചെയ്ത് തീർപ്പ് കൽപിക്കുന്ന ചുമതല നീതിന്യായ മന്ത്രാലയത്തിനു കീഴിലെ ലേബർ കോടതികൾക്കുമാകും.
തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നത് ഉറപ്പുവരുത്തുന്ന നിയമങ്ങളും നടപടിക്രമങ്ങളും മെച്ചപ്പെടുത്താൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നടപടി. സൗദി തൊഴിൽ വിപണി സുസ്ഥിരമാക്കാനും കൂടുതൽ ആകർഷകവും വിശ്വസനീയവുമായ തൊഴിൽ വിപണി സൃഷ്ടിക്കാനും ഇത് സഹായിക്കുമെന്ന് മന്ത്രാലയം പറഞ്ഞു.
സ്വകാര്യ മേഖലാ തൊഴിലാളികളുടെ തൊഴിൽ കേസുകൾക്ക് ബാധകമായ അതേ സംവിധാനമാണ് ഗാർഹിക തൊഴിലാളികൾക്കും നടപ്പാക്കുന്നത്. സ്വകാര്യ തൊഴിലാളികൾ തൊഴിൽ കേസുകൾക്ക് പരിഹാരം കാണാൻ അതത് പ്രവിശ്യകളിലെ ലേബർ ഓഫീസുകളോട് ചേർന്ന് പ്രവർത്തിക്കുന്ന തൊഴിൽ തർക്ക അനുരഞ്ജന പരിഹാര സമിതികളെയാണ് ആദ്യം സമീപിക്കേണ്ടത്. തൊഴിലാളികളുമായും തൊഴിലുടമകളുമായും ചർച്ചകൾ നടത്തി കേസുകൾക്ക് രമ്യമായ പരിഹാരം കാണാൻ 21 ദിവസത്തെ സാവകാശമാണ് ഇത്തരം സമിതികൾക്ക് നൽകുന്നത്. ഇതിനകം രമ്യമായി പരിഹരിക്കാൻ കഴിയാത്ത കേസുകൾ ലേബർ കോടതികൾക്ക് കൈമാറുകയാണ് പതിവ്.
നേരത്തെ സൗദിയിൽ ലേബർ ഓഫീസുകളോട് ചേർന്ന തൊഴിൽ തർക്ക പരിഹാര സമിതികളാണ് ലേബർ കോടതികളെ പോലെ പ്രവർത്തിച്ചിരുന്നത്. ജുഡീഷ്യൽ പരിഷ്കരണങ്ങളുടെ ഭാഗമായാണ് സമീപ കാലത്ത് തൊഴിൽ കേസുകൾക്ക് പ്രത്യേക കോടതികൾ സ്ഥാപിച്ചത്. സിറ്റിംഗുകളിൽ തൊഴിലുടമകളോ അവരുടെ പ്രതിനിധികളോ കരുതിക്കൂട്ടി ഹാജരാകാത്തതു കാരണം കേസ് വിചാരണ അനന്തമായി നീണ്ടുപോകുന്നത് അടക്കമുള്ള പ്രശ്നങ്ങൾക്ക് ഇതോടെയാണ് പരിഹാരമായത്.

































