റിയാദ്: താൽക്കാലിക തൊഴിൽ വിസ കൂടുതൽ എളുപ്പമാക്കാൻ ലക്ഷ്യമിട്ടുള്ള നിയമാവലി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ റിയാദിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗം അംഗീകരിച്ചു. താൽക്കാലിക തൊഴിൽ വിസ, ഹജ്, ഉംറ സേവനങ്ങൾക്കുള്ള താൽക്കാലിക തൊഴിൽ വിസ നിയമാവലി മന്ത്രിസഭ അംഗീകരിച്ചു. തങ്ങളുടെ ആവശ്യങ്ങൾക്കും തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്കും അനുസൃതമായി താൽക്കാലിക തൊഴിൽ വിസകൾ പ്രയോജനപ്പെടുത്താൻ പരിഷ്‌കരിച്ച നിയമാവലി സ്വകാര്യ മേഖലക്ക് കൂടുതൽ അവസരം നൽകുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.
താൽക്കാലിക വിസ അനുവദിക്കാൻ സ്വകാര്യ സ്ഥാപനങ്ങൾ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള അനുമതി പത്രം സമർപ്പിക്കണമെന്ന വ്യവസ്ഥ റദ്ദാക്കിയിട്ടുണ്ട്. വിസാ കാലാവധി തത്തുല്യ കാലത്തേക്ക്, അതായത് അധികമായി 90 ദിവസത്തേക്ക് കൂടി ദീർഘിപ്പിക്കാൻ നിയമാവലിയിൽ വരുത്തിയ പരിഷ്കാരങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾക്ക് കൂടുതൽ അവസരം നൽകുന്നു. ഉംറ സീസണിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ആവശ്യങ്ങൾ കൂടി നിയമാവലിയിൽ പരിഗണിക്കുകയും താൽക്കാലിക തൊഴിലാളികൾക്കുള്ള ഇത്തരം സ്ഥാപനങ്ങളുടെ ആവശ്യങ്ങൾ താൽക്കാലിക തൊഴിൽ വിസയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സീസൺ തൊഴിൽ വിസയുടെ പേര് ഹജ്, ഉംറ സേവനങ്ങൾക്കുള്ള താൽക്കാലിക തൊഴിൽ വിസയെന്നാക്കി മാറ്റി. ഹജ്, ഉംറ സേവനങ്ങൾക്കുള്ള താൽക്കാലിക തൊഴിൽ വിസയിൽ രാജ്യത്ത് തങ്ങാവുന്ന പരമാവധി കാലയളവ് 180 ദിവസത്തിൽ കവിയാത്ത നിലക്ക് ശഅബാൻ മാസം 15 മുതൽ മുഹറം അവസാനം വരെയായി ദീർഘിപ്പിച്ചു.
തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ പരിഷ്‌കരിച്ച നിയമാവലി പരിഗണിക്കുന്നു. തൊഴിൽ കരാർ കോപ്പി തൊഴിലാളിക്കും തൊഴിലുടമക്കും ലഭ്യമാക്കൽ നിയമാവലി നിർബന്ധമാക്കുന്നു. താൽക്കാലിക തൊഴിൽ വിസയിൽ റിക്രൂട്ട് ചെയ്യുന്നവർക്ക് മെഡിക്കൽ ഇൻഷുറൻസ് പരിരരക്ഷ ഏർപ്പെടുത്തൽ നിർബന്ധമാണ്. വിദേശങ്ങളിലെ സൗദി നയതന്ത്ര കാര്യാലയങ്ങൾ വഴി വിസ അനുവദിക്കുന്നതിനു മുമ്പായി മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയിരിക്കണം. ഈ വിസകൾ ദുരുപയോഗം ചെയ്യുന്നതിലേക്ക് നയിക്കുന്ന നിയമ ലംഘനങ്ങളും സമ്പ്രദായങ്ങളും തടയാൻ ലക്ഷ്യമിട്ട് നിയമ ലംഘകർക്കുള്ള ശിക്ഷകളും പരിഷ്‌കരിച്ച നിയമാവലിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ ഭേദഗതികൾ 180 ദിവസത്തിനു ശേഷം പ്രാബല്യത്തിൽ വരുമെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.

































