ജിദ്ദ: റിയാദ് മെട്രോ ഈ വർഷം ഉദ്ഘാടനം ചെയ്യുമെന്ന് ഗതാഗത, ലോജിസ്റ്റിക്സ് സർവീസ് മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസിർ വെളിപ്പെടുത്തി. ജിദ്ദ തുറമുഖത്ത് പുതുതായി ആരംഭിച്ച ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്സ് സോൺ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തലസ്ഥാന നഗരിയിൽ ഗുണപരമായ കുതിച്ചുചാട്ടം കൈവരിക്കുന്ന ബൃഹത്തായ പദ്ധതിയാണിത്. ലോകത്ത് ഒരേസമയം നിർമിക്കുന്ന ഏറ്റവും വലിയ മെട്രോ പദ്ധതിയുമാണിത്.
സൗദിയിൽ നിലവിൽ 22 ലോജിസ്റ്റിക്സ് സോണുകളുണ്ട്. 2030 ഓടെ ജോലിസ്റ്റിക്സ് സോണുകളുടെ എണ്ണം 59 ആയി ഉയർത്തുകയാണ് ലക്ഷ്യം. തുറമുഖങ്ങളെ വിമാനത്താവളങ്ങളുമായി ബന്ധിപ്പിക്കുന്നത് സൗദിയിൽ ലോജിസ്റ്റിക്സ് മേഖലയുടെ വഴക്കത്തെ പിന്തുണക്കും. നിലവിൽ രാജ്യത്തെ തുറമുഖങ്ങളിലെ ലോജിസ്റ്റിക്സ് സോണുകളിൽ 1,000 കോടി റിയാലിന്റെ നിക്ഷേപങ്ങളാണുള്ളത്. പുതുതായി ആരംഭിച്ച ദേശീയ വിമാന കമ്പനിയായ റിയാദ് എയറിന് അടുത്ത വർഷം ആദ്യ ബാച്ച് വിമാനങ്ങൾ ലഭിക്കും. അടുത്ത കൊല്ലം തന്നെ കമ്പനി സർവീസുകൾ ആരംഭിക്കുമെന്നും എൻജിനീയർ സ്വാലിഹ് അൽജാസിർ പറഞ്ഞു.
ലോക തുറമുഖങ്ങളെ സൗദി തുറമുഖങ്ങളുമായി ബന്ധിപ്പിച്ച് പുതുതായി 47 ഷിപ്പിംഗ് ലൈനുകൾ ആരംഭിച്ചിട്ടുണ്ടെന്ന് സൗദി പോർട്ട്സ് അതോറിറ്റി സി.ഇ.ഒ ഉമർ ഹരീരി പറഞ്ഞു. ഇതോടെ സൗദി തുറമുഖങ്ങളെ ബന്ധിപ്പിച്ച് സർവീസ് നടത്തുന്ന ഷിപ്പിംഗ് ലൈനുകളുടെ എണ്ണം 115 ആയി. ഗ്ലോബൽ നാവിഗേഷൻ കണക്ടിവിറ്റി സൂചികയിൽ ഇത് സൗദി അറേബ്യയുടെ മുൻനിര സ്ഥാനം കൂടുതൽ ശക്തമാക്കും.
ജിദ്ദ തുറമുഖത്ത് മെഴ്സ്ക് കമ്പനി നടത്തിയ നിക്ഷേപം ലോകത്തെ ഏറ്റവും വലിയ ലോജിസ്റ്റിക്സ് നിക്ഷേപമാണ്. 130 കോടി റിയാൽ ചെലവഴിച്ചാണ് ജിദ്ദ തുറമുഖത്ത് മെഴ്സ്് കമ്പനി ലോജിസ്റ്റിക്സ് സോൺ സ്ഥാപിച്ചിരിക്കുന്നത്. സൗദി പോർട്ട്സ് അതോറിറ്റിയും വൻകിട സൗദി, വിദേശ കമ്പനികളും 2,500 കോടി റിയാലിന്റെ നിക്ഷേപ കരാറുകൾ ഒപ്പുവെച്ചിട്ടുണ്ടെന്നും ഉമർ ഹരീരി പറഞ്ഞു. പുതിയ ലോജിസ്റ്റിക്സ് സോൺ 100 ശതമാനവും സൗരോർജത്തെ അവലംബിക്കുന്നു.
































