ജിദ്ദ: മുഴുവൻ വിദ്യാത്ഥികളും സ്‌കൂളിലോ വീടുകളിലോ പ്രവേശിച്ചത് ഉറപ്പുവരുത്താതെ സ്കൂൾ ബസ് ഡ്രൈവർമാർ സ്ഥലംവിടുന്നത് ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി വിലക്കി. ബസ് മുന്നോട്ടെടുക്കുന്നതിനു മുമ്പായും യാത്രക്കിടെയും ഡോറുകൾ അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ബസുകൾ പൂർണമായും നിർത്താതെ ഡോറുകൾ തുറക്കാൻ പാടില്ല. ബസിന്റെ സുരക്ഷ ഉറപ്പുവരുത്താൻ എല്ലാ ദിവസവും ബസ് പരിശോധിക്കണം. ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കാനോ ഭക്ഷണം കഴിക്കാനോ പാടില്ല. ബസിൽ സുരക്ഷാ ഉപകരണങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തൽ അംഗീക്യത യൂനിഫോം ധരിക്കൽ, വ്യക്തിഗത ശുചിത്വത്തിലും പുറംരൂപത്തിലും ശ്രദ്ധ ചെലുത്തൽ എന്നിവയും സ്‌കൂൾ ബസ് ഡ്രൈവർമാരുടെ ഉത്തരവാദിത്വമാണ്.
ഇവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്‌കൂൾ ബസുകളിൽ ശക്തമായ പരിശോധന നടത്തൽ അടക്കം ആവശ്യമായ മുഴുവൻ നടപടികളും സ്വീകരിക്കും. വിദ്യാത്ഥികളുടെയും അധ്യാപകരുടെയും ജീവനും സുരക്ഷയും കാത്തുസൂക്ഷിക്കാനുള്ള അതീവ താൽപര്യത്തിന്റെ ഭാഗമായാണ് നടപ്പ് അധ്യയന വർഷത്തിൽ ഡ്രൈവർമാർക്ക് പുതിയ പ്രതിബദ്ധതകൾ ഏർപ്പെടുത്തുന്നതെന്നും ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി പറഞ്ഞു.
എജ്യുക്കേഷനൽ ട്രാൻസ്പോർട്ടേഷൻ മേഖലാ പ്രവർത്തനം ക്രമീകരിക്കുന്ന വ്യവസ്ഥകൾ ഡ്രൈവർമാർ കർശനമായി പാലിക്കണമെന്ന് ട്രാൻസ്ഫോർട്ട് ജനറൽ അതോറിറ്റി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സ്‌കൂൾ ബസ് ഡ്രൈവർമാരുടെ പ്രായം 25 ൽ കുറവാകരുത്, ഡ്രൈവർ കാർഡ് നേടണം, കാലാവധിയുള്ള ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം, മുമ്പ് കുറ്റകൃത്യങ്ങളിൽ പ്രതിയായിട്ടില്ല എന്ന് സ്ഥിരീകരിക്കുന്ന പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, അംഗീകൃത ഫസ്റ്റ് എയിഡ് കോഴ്സ് പൂർത്തിയാക്കൽ, ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി മെഡിക്കൽ ടെസ്റ്റ് പാസാകൽ, പ്രൊഫഷനൽ യോഗ്യതാ പരീക്ഷയിൽ വിജയിക്കൽ എന്നീ വ്യവസ്ഥകളാണ് സ്‌കൂൾ ബസ് ഡ്രൈവർമാർ പാലിക്കേണ്ടത്.
സുരക്ഷ ഉറപ്പാക്കാനും സുരക്ഷിതവും ഗുണമേന്മയുള്ളതും കാര്യക്ഷമവുമായ ഗതാഗത സേവനങ്ങൾ ലഭിക്കാനും നിയമാനുസൃതം പ്രവർത്തിക്കുന്ന എജ്യുക്കേഷനൽ ട്രാൻസ്പോർട്ടേഷൻ കമ്പനിയുമായി മാത്രം വിദ്യാർഥികളും അധ്യാപകരും സ്കൂൾ ജീവനക്കാരും ഇടപെടണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ പരിചരണ നിലവാരം ഉയർത്താനും സുരക്ഷാ നിലവാരം കൈവരിക്കാനും ബസുകളിൽ എല്ലാ സാങ്കേതിക സജ്ജീകരണങ്ങളും സുരക്ഷാ ഉപകരണങ്ങളും ഏർപ്പെടുത്താൻ ലൈസൻസുള്ള സ്‌കൂൾ (ട്രാൻസ്പോർട്ടേഷൻ കമ്പനികളെ ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി നിർബന്ധിച്ചിട്ടുണ്ട്.
സുരക്ഷാ ഉപകരണങ്ങൾ ബസുകളിൽ ഏർപ്പെടുത്തൽ, അതോറിറ്റിക്കു കീഴിലെ വസൽ പ്ലാറ്റേ്ഫാമുമായി ബന്ധിപ്പിച്ച ട്രാക്കിംഗ് ഉപകരണങ്ങൾ സ്ഥാപിക്കൽ, ബസിനകത്ത് ക്യാമറകൾ സ്ഥാപിക്കൽ, ബസിന്റെ ഇരുവശങ്ങളിലും പിറകിലും പ്രതിഫലിപ്പിക്കുന്ന നിറത്തിൽ സ്കൂൾ ബസ് എന്ന അടയാളം പതിക്കൽ, ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്താൻ സഹായിക്കുന്ന മറ്റു സജ്ജീകരണങ്ങൾ ഏർപ്പെടുത്തൽ എന്നീ സാങ്കേതിക സജ്ജീകരണങ്ങളും സുരക്ഷാ ഉപകരണങ്ങളുമാണ് സ്‌കൂൾ ബസുകളിൽ ഏർപ്പെടുത്തേണ്ടതെന്ന് ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി പറഞ്ഞു.
































