കൊച്ചി: കേരള ഹൈകോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസും സംസ്ഥാന മനുഷ്യാവകാശ കമീഷൻ മുൻ ആക്ടിങ് ചെയർമാനുമായിരുന്ന ജസ്റ്റിസ് വി.പി. മോഹൻകുമാർ (84) അന്തരിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചിന് പനമ്പിള്ളിനഗറിലെ വസതിയിലായിരുന്നു മരണം. സംസ്കാരം ഇന്ന് തിങ്കളാഴ്ച ഉച്ചക്ക് രണ്ടിനുശേഷം രവിപുരം പൊതുശ്മശാനത്തിൽ.
1994ൽ കേരള ഹൈകോടതി ജഡ്ജിയായെങ്കിലും അതേവർഷംതന്നെ കർണാടക ഹൈകോടതിയിലേക്ക് സ്ഥലംമാറി. വിരമിക്കുന്നതിന് തൊട്ടുമുമ്പ് 2002 മേയ് 25 മുതൽ കുറച്ചുകാലം കേരള ഹൈകോടതിയിൽ ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്നു. കല്ലുവാതുക്കൽ മദ്യദുരന്തക്കേസ് അന്വേഷണ കമീഷനായി പ്രവർത്തിച്ചിരുന്നു.
ഭാര്യ: ഓമന മോഹൻകുമാർ. മക്കൾ: ഡോ. സംഗീത കോടോത്ത് (യു.എസ്), ജയേഷ് മോഹൻകുമാർ (ഹൈകോടതി അഭിഭാഷകൻ). മരുമക്കൾ: ഡോ. സുരേഷ് (യു.എസ്), അഡ്വ. വന്ദന മേനോൻ (ഹൈകോടതി അഭിഭാഷക).
കാസർകോട് കാഞ്ഞങ്ങാട് സ്വദേശി കുമാരൻ നമ്പ്യാരുടെയും വി.പി. കാർത്യായനിയമ്മയുടെയും മകനാണ്. 1962ൽ എറണാകുളം ഗവ. ലോ കോളജിൽനിന്ന് ബിരുദം നേടിയശേഷം അഭിഭാഷകനായി എൻറോൾ ചെയ്തു. അഡ്വ. ജനറലും പിന്നീട് കേരള ഹൈകോടതി ചീഫ് ജസ്റ്റിസുമായ വി.പി. ഗോപാലൻ നമ്പ്യാർ അമ്മാവനാണ്. അദ്ദേഹത്തിന് കീഴിലായിരുന്നു അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചത്.
ജസ്റ്റിസ് വിപി മോഹൻകുമാറിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
കേരള ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് വി പി മോഹൻകുമാറിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പാവപ്പെട്ട ജനങ്ങൾക്ക് നീതി ഉറപ്പാക്കുന്ന ഒട്ടനേകം ശ്രദ്ധേയമായ വിധികൾ എഴുതിയ ന്യായാധിപനായിരുന്നു അദ്ദേഹം. സ്കൂൾ ബാഗുകളുടെ ഭാരം കുറക്കുന്നത് പോലെയുള്ള സാമൂഹ്യ ഇടപെടലുകൾ അദ്ദേഹത്തെ ശ്രദ്ധേയനാക്കി. മനുഷ്യാവകാശ കമ്മീഷൻ്റെ ചെയർമാൻ എന്ന നിലയിൽ അദ്ദേഹം പുറപ്പെടുവിച്ച ഉത്തരവുകൾ മനുഷ്യാവകാശ പ്രശ്നങ്ങൾക്ക് പുതിയ ദിശാബോധം നൽകി. പൗരസമൂഹത്തിൽ മനുഷ്യാവകാശ സാക്ഷരത ഉറപ്പാക്കുന്നതിനും അവ പരിപാലിക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്തുന്നതിലും അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു എന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
































