മുംബൈ: രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 20ലധികം സ്ത്രീകളെ വിവാഹം കഴിച്ച് അവരുടെ വിലപിടിപ്പുള്ള വസ്‌തുക്കൾ തട്ടിയെടുത്ത 43കാരൻ അറസ്റ്റിൽ മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്.
നല്ല സോപാര സ്വദേശിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എംബിവിവി പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയായ ഫിറോസ് നിയാസ് ഷെയ്‌ഖിനെ താനെ ജില്ലയിലെ കല്യാണിൽ നിന്ന് ജൂലൈ 23ന് പിടികൂടിയതായി പോലീസ് പറഞ്ഞു.
ഒരു മാട്രിമോണിയൽ വെബ്സൈറ്റിൽ കൂടിയാണ് യുവതി ഇയാളുമായി പരിചയപ്പെടുന്നത്. തുടർന്ന് വിവാഹം കഴിക്കുകയായിരുന്നു.
2023 ഒക്ടോബർ, നവംബർ മാസങ്ങളിലായി യുവതിയിൽ നിന്ന് 6.5 ലക്ഷം രൂപയും ലാപ്ടോപ്പും മറ്റ് വിലപിടിപ്പുള്ള വസ്‌തുക്കളും ഷെയ്ഖ് കൈക്കലാക്കിയെന്ന് യുവതി പരാതിയിൽ പറയുന്നു. പ്രതിയിൽ നിന്ന് ലാപ്ടോപ്പ്, മൊബൈൽ ഫോണുകൾ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, ചെക്ക്ബുക്കുകൾ, ആഭരണങ്ങൾ എന്നിവ കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞ്.
വിവാഹമോചിതരെയും വിധവകളെയുമാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഡൽഹി, ഗു ജറാത്ത് എന്നിവയുൾപ്പെടെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി 2015 മുതൽ പ്രതി 20 ലധികം സ്ത്രീകളെ വിവാഹം ചെയ്‌തിട്ടുണ്ടെന്നും പോലീസ് അ റിയിച്ചു.
































