ജിദ്ദ -എൻജിനീയറിംഗ് പ്രൊഫഷനുകളിൽ 25 ശതമാനം സൗദിവൽക്കരണം നടപ്പാക്കാനുള്ള തീരുമാനം നാളെ മുതൽ പ്രാബല്യത്തിൽവരും. എൻജിനീയറിംഗ് പ്രൊഫഷനിൽ അഞ്ചും അതിൽ കൂടുതലും പേർ ജോലി ചെയ്യുന്ന മുഴുവൻ സ്വകാര്യ സ്ഥാപനങ്ങൾക്കും സൗദിവൽക്കരണ തീരുമാനം ബാധകമാണ്.
സൗദിവൽക്കരണം നടപ്പാക്കുന്ന സ്ഥാപനങ്ങൾക്ക് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും അനുബന്ധ സ്ഥാപനങ്ങളും നൽകുന്ന പ്രോത്സാഹനങ്ങളും പിന്തുണകളും പ്രയോജനപ്പെടുത്താൻ സാധിക്കും.
സ്വദേശി ജീവനക്കാരെ റിക്രൂട്ട് ചെയ്യൽ അനുയോജ്യരായ തൊഴിലാളികൾക്കു വേണ്ടിയുള്ള അന്വേഷണം, സ്വദേശികൾക്കുള്ള പരിശീലനങ്ങൾ, പുതുതായി നിയമിക്കുന്ന സ്വദേശികളുടെ വേതന വിഹിതം മാനവശേഷി വികസന നിധിയിൽ നിന്ന് വിതരണം ചെയ്യൽ, തൊഴിൽ സ്ഥിരതക്കുള്ള പിന്തുണ എന്നിവ അടക്കമുള്ള പ്രോത്സാഹനങ്ങളാണ് സൗദിവൽക്കരണം നടപ്പാക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് മാനവശേഷി. സാമൂഹിക വികസന മന്ത്രാലയവും അനുബന്ധ സ്ഥാപനങ്ങളും നൽകുന്നത്. എൻജിനീയറിംഗ് മേഖലയിൽ 25 ശതമാനം സൗദിവൽക്കരണം നടപ്പാക്കുന്നതിലൂടെ 8,000 ലേറെ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

































