ജിദ്ദ – ഗാർഹിക തൊഴിലാളിയുടെ സ്പോൺസർഷിപ്പ് കൈമാറാനുള്ള തുക നിർണയിക്കേണ്ടത് കഫാല കൈമാറാൻ ആഗ്രഹിക്കുന്ന നിലവിലെ തൊഴിലുടമയാണെന്ന് ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങൾക്കുള്ള മുസാനിദ് പ്ലാറ്റ്ഫോം വ്യക്തമാക്കി. ഗാർഹിക തൊഴിലാളിയുടെ രാജ്യത്തിന്റെയും അവരുടെ പ്രൊഫഷന്റെയും അടിസ്ഥാനത്തിൽ സ്പോൺസർഷിപ്പ് കൈമാറ്റത്തിന് ഈടാക്കാവുന്ന തുകക്ക് പരമാവധി പരിധിയുണ്ട്. ശരാശരി റിക്രൂട്ട്‌മെന്റ് ചെലവിന്റെ അടിസ്ഥാനത്തിലാണ് ഈ പരിധി നിശ്ചയിക്കുന്നത്.
ഗാർഹിക തൊഴിലാളികളുടെ സ്പോൺസർഷിപ്പ് മാറ്റത്തിന് 100 റിയാൽ പ്രവർത്തന ചെലവ് നൽകേണ്ടതുണ്ട്. ഗാർഹിക തൊഴിലാളിയുടെ സ്പോൺസർഷിപ്പ് തന്റെ പേരിലേക്ക് മാറ്റാൻ പുതിയ തൊഴിലുടമക്കുള്ള അർഹത പഠിക്കാനുള്ള ചെലവ് ഇനത്തിലാണ് 100 റിയാൽ പ്രവർത്തന ചെലവ് ആയി ഈടാക്കുന്നത്. ഈ തുക പുതിയ തൊഴിലുടമയാണ് വഹിക്കേണ്ടത്.
ഗാർഹിക തൊഴിലാളിയുടെ സ്പോൺസർഷിപ്പ് മാറ്റ നടപടികൾ പൂർത്തിയാക്കാൻ 23 ദിവസം വരെയെടുക്കും. സ്പോൺസർഷിപ്പ് മാറ്റത്തിൽ ഉൾപ്പെടുന്ന കക്ഷികൾ സ്പോൺസർഷിപ്പ് മാറ്റ നടപടികളുമായി പ്രതികരിക്കുന്നതിന്റെയും അബ്ദിർ പ്ലാറ്റ്ഫോം വഴി അപേക്ഷ പൂർത്തിയാക്കുന്നതിന്റെയും വേഗത്തിനനുസരിച്ച് കഫാല മാറ്റ നടപടികൾക്ക് വേണ്ടിവരുന്ന സമയത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടാകും. വിസ അനുവദിക്കാനും സ്പോൺസർഷിപ്പ് മാറ്റത്തിനുമുള്ള മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് സ്പോൺസർഷിപ്പ് മാറ്റ അപേക്ഷകളിൽ നടപടികൾ പൂർത്തിയാക്കുക.
ഗാർഹിക തൊഴിലാളികളുടെ സ്പോൺസർഷിപ്പ് മാറ്റത്തിന് തൊഴിലാളിയുടെ പേരിൽ ഹുറൂബ് ഉണ്ടാകാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. മുസാനിദ് പ്ലാറ്റ്ഫോം വഴിയാണ് സ്പോൺസർഷിപ്പ് മാറ്റ നടപടികൾ ആരംഭിക്കേണ്ടത്. തൊഴിലാളിയുടെ സ്പോൺസർഷിപ്പ് മാറ്റത്തിന് അപേക്ഷ നൽകാൻ നിലവിലെ തൊഴിലുടമ അപേക്ഷ സമർപ്പിക്കുകയാണ് ആദ്യം വേണ്ടത്. തുടർന്ന് തൊഴിലാളിക്കും പുതിയ തൊഴിലുടമക്കും അപേക്ഷ അയച്ചുകൊടുക്കും. സ്പോൺസർഷിപ്പ് മാറ്റത്തിനുള്ള ഇവരുടെ സമ്മതം ഇലക്ട്രോണിക് രീതിയിൽ രേഖപ്പെടുത്തുന്നതോടെ സ്പോൺസർഷിപ്പ് മാറ്റ നടപടികൾ പൂർത്തിയാക്കുകയാണ് ചെയ്യുക.
സ്പോൺസർഷിപ്പ് മാറ്റത്തിനുള്ള അപേക്ഷക്കൊപ്പം നിലവിലെ തൊഴിലുടമയുടെ തൊഴിലാളിയുടെയും പുതിയ തൊഴിലുടമയുടെയും പേരുവിവരങ്ങൾ നൽകണം. ഇതിനു ശേഷമാണ് സ്പോൺസർഷിപ്പ് മാറ്റ സമ്മതത്തിനായി അപേക്ഷ തൊഴിലാളിക്ക് അയച്ചുകൊടുക്കുക. ഇതിനു ശേഷം സമ്മതത്തിനും സ്പോൺസർഷിപ്പ് മാറ്റ ഫീസ് അടക്കാനും അപേക്ഷ പുതിയ തൊഴിലുടമക്ക് കൈമാറുകയാണ് ചെയ്യുകയെന്ന് മുസാനിദ് പ്ലാറ്റ്ഫോം വ്യക്തമാക്കി.
































