പിഎസ്‍സി കോഴ വിവാദത്തില്‍ ആരോപണ വിധേയനായ പ്രമോദ് കോട്ടൂളി പണം വാങ്ങിയില്ലെന്ന് പരാതിക്കാരന്‍ ശ്രീജിത്ത്. ‘‘പ്രമോദ് എന്‍റെ നല്ല സുഹൃത്താണ്. പ്രമോദുമായി യാതൊരു പണമിടപാടും ഉണ്ടായിട്ടില്ല. പണം വാങ്ങി എന്നൊരു പരാതി ആർക്കും കൊടുത്തിട്ടില്ല. എന്റെ പേര് എങ്ങനെ വന്നു എന്നതിൽ വ്യക്തതയില്ല. തിരികെ വന്ന ശേഷം പ്രമോദിനോട് സംസാരിക്കും.’’ശ്രീജിത്ത് പറഞ്ഞു.
ചേവായൂര്‍ സ്വദേശിയായ പ്രമോദ് കോട്ടൂളി പ്ലൈവുഡ് വ്യാപാരിയാണ്. കോഴ വിവാദത്തിനു പിന്നാലെ സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായ പ്രമോദ് കോട്ടൂളിയെ സിപിഎം പുറത്താക്കിയിരുന്നു. പാർട്ടിയുടെ സൽപ്പേര് കളങ്കപ്പെടുത്തിയതിനാണ് പ്രമോദിനെ പുറത്താക്കിയതെന്നാണ് ജില്ലാ സെക്രട്ടറി പി.മോഹനൻ പറഞ്ഞത്. ബിജെപി പ്രാദേശിക നേതാവ് ഉൾപ്പെടുന്ന സംഘവുമായി ചേർന്ന് പ്രമോദ് ക്രമക്കേട് നടത്തി എന്നാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ ഉൾപ്പെടുന്ന പാർട്ടി അന്വേഷണ കമ്മിഷൻ കണ്ടെത്തിയിരിക്കുന്നത്.
പ്രമോദ് കോട്ടൂളിയെ സിപിഎമ്മിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പുറത്താക്കിയത്. സിപിഎം ജില്ലാ കമ്മിറ്റിയാണ് കോഴ ആരോപണത്തില്‍ പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയെടുത്തത്. വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രമോദ് കോട്ടൂളി ജില്ലാ കമ്മറ്റി ഓഫീസിലെത്തി വിശദീകരണം നൽകിയിരുന്നു. ഇതു പരിശോധിച്ചാണ് ഇന്ന് ചേർന്ന ജില്ല കമ്മിറ്റിയിൽ നടപടി എടുത്തത്. പ്രമോദ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി.
ഇന്നലെ പാർട്ടി നടപടിക്ക് ശേഷം പരാതിക്കാരൻ്റെ വീടിൻ്റെ മുന്നിലെത്തി പ്രമോദും അമ്മയും സമരം നടത്തിയിരുന്നു. മകൻ പണം വാങ്ങിയിട്ടില്ലെന്ന് അമ്മയും മാധ്യമങ്ങളോട് പ്രതികരിച്ചു. തൻ്റെ പേരിൽ ആരെങ്കിലും പാർട്ടിയെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെങ്കിൽ അത് പുറത്തു കൊണ്ടുവരുമെന്നും നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും പ്രമോദ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

































