ന്യൂഡൽഹി: സിനിമ അടക്കമുള്ള ദൃശ്യമാധ്യമങ്ങളിൽ വൈകല്യത്തെ ഇകഴ്ത്തുകയോ അവഹേളിക്കുകയോ ചെയ്യരുതെന്ന കർശന നിർദേശവുമായി സുപ്രീംകോടതി. ഇത് സംബന്ധിച്ച് ചില മാർഗനിർദേശങ്ങളും കോടതി പുറത്തിറക്കി.
സോണി പിക്ചേഴ്സ് പുറത്തിറക്കുന്ന ഹിന്ദി സിനിമയിൽ വൈകല്യത്തെ അവഹേളിക്കുന്ന ചിത്രീകരണം നടന്നെന്ന് കാട്ടിയുള്ള ഹർജി പരിഗണിക്കുക യായിരുന്നു കോടതി. ഈ സാഹചര്യത്തിലാണ് ഡോക്യുമെന്ററി, സിനിമ അടക്കമുള്ള ദൃശ്യമാധ്യമങ്ങൾക്ക് ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചില നിർദേശങ്ങൾ നൽകിയത്.
ആളുകളുടെ വൈകല്യം അവഹേളിച്ച് തമാശയാക്കേണ്ട കാര്യമല്ല. അംഗപരിമിതരായവരുടെ നേട്ടങ്ങളും വിജയകഥകളുമാണ് സമൂഹത്തോട് പറയേണ്ട തെന്ന് കോടതി വ്യക്തമാക്കി. മോശം പ്രതിച്ഛായ ഉണ്ടാക്കുന്ന വാക്കുകൾ ഭിന്നശേഷിക്കാർക്കെതിരേ പ്രയോഗിക്കരുത്. സാമൂഹിക പ്രതിബദ്ധതയെ അവഗണിക്കുന്ന ഭാഷ ഉപയോഗിക്കരുത്.
വൈകല്യങ്ങളെക്കുറിച്ച് മതിയായ മെഡിക്കൽ വിവരങ്ങൾ പരിശോധിക്കണം. ഭിന്നശേഷിയുള്ള കഥാപാത്രങ്ങളെ ചിത്രീകരിക്കുമ്പോൾ അവരുടെ അഭിപ്രായം കൂടി തേടണം തുടങ്ങിയവയാണ് നിർദേശങ്ങൾ. ഇത്തരം നിബന്ധനങ്ങൾ പാലിക്കുന്നുണ്ടോ എന്ന് സെൻസർ ബോർഡ് ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചു.
































