കരുവന്നൂർ കേസ് രേഖകൾ ക്രൈംബ്രാഞ്ചിന് കൈമാറാൻ ഇഡിക്ക് ഹൈക്കോടതി നിർദേശം. ചീഫ് ഇൻവസ്റ്റിഗേഷൻ ഓഫീസർക്കാണ് രേഖകൾ കൈമാറേണ്ടത്.
രണ്ട് മാസത്തിനുള്ളിൽ തന്നെ രേഖകളിൻമേലുള്ള പരിശോധന ക്രൈംബ്രാഞ്ച് പൂർത്തിയാക്കണമെന്നും നിർദേശമുണ്ട്. കേസന്വേഷണത്തിന്റെ ഭാഗമായി ഇഡി കസ്റ്റഡിയിലെടുത്ത രേഖകൾ വേണമെന്ന് ആവശ്യപ്പെട്ടുള്ള ക്രൈം ബ്രാഞ്ചിന്റെ ഹർജിയിലാണ് കോടതി വിധി.
കരുവന്നൂരിലെ കള്ളപ്പണ ഇടപാടിൽ അന്വേഷണം നടത്തുന്ന ഇഡി ഇത് സംബന്ധിച്ച രേഖകൾ കസ്റ്റഡിയിലെടുത്തിരുന്നു. കരുവന്നൂരിലെ തട്ടിപ്പ് സം ബന്ധിച്ച കേസുകളാണ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ ഇ ഡി കസ്റ്റഡിയിലെടുത്ത രേഖകൾ വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടെങ്കിലും ഇത് കൈമാറാൻ തയാറായിരുന്നില്ല.
രേഖകൾ കൈമാറിയാൽ കേസ് അട്ടിമറിക്കപ്പെടും എന്നായിരുന്നു ഇഡിയുടെ വാദം. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്.
































