ഹോട്ടൽ തൊഴിലാളിയായ നേപ്പാൾ സ്വദേശിയെ ക്രൂരമായി മർദിച്ച ഹോട്ടലുടമയും സുഹൃത്തുക്കളും അറസ്റ്റിൽ.കണ്ണൂർ പാനൂരിലാണ് സംഭവം.
നേപ്പാൾ ഘൂമി സ്വദേശി മോഹന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ മാക്കൂൽപീടികയിലെ ഇക്കാസ് ഹോട്ടലുടമ ചൈതന്യകുമാർ, സുഹ്യത്തുക്കളായ തിരുവനന്തപുരം സ്വദേശി ബുഹാരി, മൊകേരി സ്വദേശി അഭിനവ് എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ചയാണ് സംഭവം. ഇക്കാസ് ഹോട്ടലിലെ ജീവനക്കാരനായിരുന്നു മോഹൻ. അടുത്തിടെ ഇയാൾ മറ്റൊരു ഹോട്ടലിൽ ജോലിക്ക് കയറി. തുടർന്ന് ഇക്കാസ് ഹോട്ടലിലെ രണ്ടു ജീവനക്കാരെ കൂടി അങ്ങോട്ടേക്ക് കൊണ്ടുപോയി.
ഈ വൈരാഗ്യത്തെ തുടർന്ന് മൂവർ സംഘം മോഹനെ വിളിച്ചു വരുത്തി വ്യാഴാഴ്ച അർധരാത്രി മുതൽ വെള്ളിയാഴ്‌ച പുലർച്ചെ വരെ ക്രൂരമായി മർദിച്ചു. മോഹൻ അവശനിലയിലായപ്പോൾ ഇവർ മോഹനെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു.
അടുത്ത ട്രെയിനിന് മടങ്ങി പോകണമെന്നും ഭീഷണിപ്പെടുത്തി ഇവർ സ്ഥല ത്തു നിന്നും മടങ്ങി. എന്നാൽ ആരോഗ്യസ്ഥിതി മോശമായ മോഹൻ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞു വീണു. യാത്രക്കാർ അറിയിച്ചതിനെ തുടർന്ന് എത്തിയ പോലീസാണ് മോഹനെ ആശുപത്രിയിൽ എത്തിച്ചത്.
മോഹൻ നൽകിയ വിവരമനുസരിച്ച് മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. മോഹനെ തുടർ ചികിത്സയ്ക്കായി പരിയാരം മെഡിക്കൽ കോളജിലേക്കു മാറ്റി.

































