കൊച്ചി: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പ്രധാനാധ്യാപകർ ചെലവഴിച്ച തുക എന്ന് തിരികെ നൽകാനാകുമെന്ന് സർക്കാറിനോട് ഹൈകോടതി. കുടിശ്ശിക നൽകാനുള്ള തുക എങ്ങനെ കണ്ടെത്തും, എന്ന് നൽകും എന്നിവ വ്യക്തമാക്കി വിശദീകരണം നൽകാൻ ജസ്റ്റിസ് ടി. ആർ. രവി നിർദേശിച്ചു. ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക കൂട്ടണമെന്നും തുക മുൻകൂറായി പ്രധാനാധ്യാപകർക്ക് നൽകണമെന്നും ആവശ്യപ്പെട്ട് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ നൽകിയ ഹരജിയിലാണ് ഉത്തരവ്.സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന് സർക്കാർ നൽകുന്നത് യഥാർഥ ചെലവിന്റെ 50 ശതമാനം മാത്രമാണെന്നും ഇത് തന്നെ സമയത്ത് ലഭിക്കാത്തതിനാൽ മിക്ക സ്കൂളുകളിലും പ്രധാനാധ്യാപകർക്ക് സാമ്പത്തിക ബാധ്യതയുണ്ടെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. ഉച്ചഭക്ഷണത്തിനുള്ള യഥാർഥ ചെലവിന്റെ അടിസ്ഥാനത്തിൽ തുക വർധിപ്പിക്കുക, മാസാദ്യം തന്നെ നൽകുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും അല്ലാത്തപക്ഷം ചുമതലയിൽനിന്ന് പ്രധാനാധ്യാപകരെ ഒഴിവാക്കണമെന്നുമാണ് ഹരജിക്കാരുടെ ആവശ്യം.ഉച്ചഭക്ഷണ പദ്ധതിയുടെ ചെലവ് 60 ശതമാനം കേന്ദ്ര സർക്കാറും 40 ശതമാനം സംസ്ഥാന സർക്കാറുമാണ് വഹിക്കുന്നതെന്ന് ഹരജി പരിഗണിക്കവെ സർക്കാർ അഭിഭാഷകൻ അറിയിച്ചു. കേന്ദ്ര ഫണ്ട് ലഭിക്കാത്തതാണ് തുക നൽകാൻ തടസ്സമെന്നും വ്യക്തമാക്കി. കുടിശ്ശികക്കുവേണ്ടി അധ്യാപകർ കേന്ദ്ര സർക്കാറിന് പിന്നാലെ പോകണമെന്നാണോ പറയുന്നതെന്ന് ഈ ഘട്ടത്തിൽ കോടതി ചോദിച്ചു. കാശില്ലെങ്കിൽ പദ്ധതി നിർത്തിക്കൂടേയെന്നും കുടിശ്ശികക്ക് പലിശ നൽകണമെന്ന് ഉത്തരവിടേണ്ടി വരുമെന്നും തുടർന്ന് കോടതി വാക്കാൽ പറഞ്ഞു. ഹരജി വിശദ വാദത്തിന് ബുധനാഴ്ച പരിഗണിക്കാൻ മാറ്റി.

































