കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് വിശ്വാസമാർജിച്ച ശേഷം മൊബൈൽ ഫോണും ലാപ്ടോപ്പും കൈക്കലാക്കി മുങ്ങിയ പ്രതിയെ പൊലീസ് പിടികൂടി. എറണാകുളം മരോട്ടിച്ചുവട് സ്വദേശിയെ ഷിപ്പിംഗ് കമ്പനിയിൽ വർക്ക് അറ്റ് ഹോം ജോലി തരപ്പെടുത്താം എന്ന് വിശ്വസിപ്പിച്ച് ലാപ്ടോപ്പും മൊബൈൽ ഫോണും കൈവശപ്പെടുത്തിയ കൊല്ലം കൊട്ടാരക്കരയിൽ ചക്കവറക്കൽ നെടിയാകാല വീട്ടിൽ അജി തോമസ് (44) ആണ് മുളവുകാട് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം വല്ലാർപാടം പള്ളിക്കു സമീപമാണ് സംഭവം. മരോട്ടിച്ചുവട് സ്വദേശിയായയുവാവിനോട് വിലിങ്ടൻ ഐലൻഡിൽ ഒരു കമ്പനിയുടെ കരാർ എടുത്തിട്ടുണ്ടെന്നും അവിടേക്ക് വർക്ക് അറ്റ് ഹോം രീതിയിൽ ഡാറ്റാ എൻട്രി ജോലിക്ക് 30000 രൂപ മാസശമ്പളം ഉണ്ടാകുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. തുടർന്ന് യുവാവിനോട് വല്ലാർപാടം പള്ളിക്കടുത്തു പിറ്റേ ദിവസം വരാനും കൈയിൽ ലാപ്ടോപ്പും വേണമെന്നും പറഞ്ഞു. വല്ലാർപാടം പള്ളിയിലെത്തിയ യുവാവിന്റെ ലാപ്ടോപ്പും മെബൈൽ ഫോണും കമ്പനിയിൽ കൊണ്ടുപോയി സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്തിട്ട് അരമണിക്കൂറിനുള്ളിൽ വരാം എന്ന് വിശ്വസിപ്പിച്ചു തന്റെ ഫോൺ നമ്പറും കൊടുത്തിട്ട് പോയി. കുറെ സമയം കഴിഞ്ഞിട്ടും കാണാതായ അജിയെ ഫോണിൽ ബന്ധപ്പെട്ടു. കമ്പനിയിൽ ആണെന്നും ഇൻസ്റ്റാളിങ് നടക്കുകയാണെന്നും പറഞ്ഞു. പിന്നീട് പ്രതിയെ വിളിച്ചിട്ട് മൊബൈൽ സ്വിച്ച് ഓഫ് ചെയ്തിരുന്നു. പറ്റിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയ യുവാവ് മുളവുകാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് മൊബൈൽ കേന്ദ്രീകരിച്ചും ജില്ലയുടെ മറ്റു സ്റ്റേഷനിലേക്കും അറിയിപ്പ് കൊടുത്തും നടത്തിയ അന്വേഷണത്തിനോടുവിൽ അങ്കമാലിയിൽ വച്ചു പ്രതിയെ പിടികൂടുകയായിരുന്നു. സെൻട്രൽ, എളമക്കര, കാലടി സ്റ്റേഷനുകളിൽ അജി തോമസിന് എതിരെ വഞ്ചന കുറ്റത്തിന് കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

































