സിപിഐഎമ്മിനെതിരെ വീണ്ടും ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഐഎമ്മിൽ സംഭവിക്കുന്നത് രാഷ്ട്രീയ ജീർണ്ണതയെന്നും നേതാക്കൾ പരസ്പരം തമ്മിലടിക്കുന്നുവെന്നും സതീശൻ ആരോപിച്ചു. വടകരയിലെ പോരാളി ഷാജി വിവാദത്തിലും സതീശൻ പ്രതികരിച്ചു. പോരാളി ഷാജി ഒരു പ്രധാന സിപിഐഎം നേതാവിൻ്റെ സംവിധാനമാണെന്നാണ് പ്രതിപക്ഷനേതാവിൻ്റെ ആരോപണം.
തിരഞ്ഞെടുപ്പ് പരാജയത്തിൽ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഇരു ധ്രുവങ്ങളിലാണെന്നും എല്ലാ സിപിഐഎം ജില്ലാ കമ്മിറ്റികളും സർക്കാരിനെതിരെയാണ് നിലപാട് എടുക്കുന്നത് എന്നും സതീശൻ വിമർശിച്ചു. ‘മുഖ്യമന്ത്രി മാറണമെന്നാണ് തിരുവനന്തപുരം സിപിഐ ജില്ലാ കമ്മിറ്റിയുടെ ആവശ്യം, മുഖ്യമന്ത്രിക്ക് എതിരെ പറയാൻ ആരെങ്കിലുമൊക്കെ ധൈര്യം കാണിക്കുന്നതിൽ സന്തോഷം.” വിഡി സതീശൻ കൂട്ടിച്ചേർത്തു.
പോരാളി ഷാജി ഒരു നേതാവിൻ്റെ സോഷ്യൽ മീഡിയ സംവിധാനമാണ്. ചെങ്കതിർ മറ്റൊരാളുടേതും പൊൻകതിർ മറ്റൊരാളുടേതുമാണ്. ഇവർ തമ്മിൽ പോരാടാൻ തുടങ്ങി. കോൺഗ്രസിനെ ഇവരെല്ലാം നിരവധി തവണ അപകീർത്തി പെടുത്തി. എന്നാൽ ഇപ്പോൾ ഇവർ തമ്മിലടിക്കുന്ന കാഴ്ചയാണ് കാണുന്നത്. അവരുടെ ആഭ്യന്തര കാര്യമായതിനാൽ ഞങ്ങൾ കണ്ടു നിൽക്കുന്നു.” അദ്ദേഹം പറഞ്ഞു.
സിപിഎമ്മിനകത്ത് വലിയ പൊട്ടിത്തെറികൾ ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തോൽവിയെ കുറിച്ച് മുഖ്യമന്ത്രി നിയമസഭയിൽ പ്രസംഗിച്ചതും പാർട്ടി സെക്രട്ടറി വിശദീകരിച്ചതും വ്യത്യസ്ത കാര്യങ്ങളാണെന്നും എന്നാൽ മാധ്യമങ്ങൾ ഇതെല്ലാം ശ്രദ്ധിക്കാതെ പോയെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.ഇരുവരും ഇരു ധ്രുവങ്ങളിലാണെന്നും വിഡി സതീശൻ ആരോപിച്ചു.
സർക്കാരിനെതിരെയുള്ള അമർശവും രോഷവുമാണ് തിരഞ്ഞെടുപ്പ് തോൽവിയെ കുറിച്ചുള്ള സിപിഎമ്മിൻ്റെ 14 ജില്ലാ കമ്മറ്റികളുടെയും റിപ്പോർട്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു കാലത്ത് പോലും പാർട്ടി ഗ്രാമങ്ങളിൽ നിന്ന് പോലും വോട്ടുകൾ കൂട്ടത്തോടെ ഒഴുകിപോയെന്നും ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തിലെ സി.പി.എമ്മിന് സംഭവിച്ച് തുടങ്ങിയെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.

































