തമ്മനം ഫൈസലിന്റെ അങ്കമാലി പുളിയാനത്തെ വീട്ടിൽ ഇന്നലെ വൈകിട്ടായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തിയത്. ഇയാൾ നിരവധി കുറ്റകൃത്യങ്ങളിൽ പങ്കാളിയാണ്. ഗുണ്ടാ ആക്രമണങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തുടനീളം ഓപ്പറേഷൻ ആഗ് എന്ന പേരിൽ പൊലീസ് നടത്തുന്ന പരിശോധനയ്ക്കിടെയാണ് തമ്മനം ഫൈസലിന്‍റെ വീട്ടിലും പൊലീസ് സംഘമെത്തിയത്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു ഇയാളുടെ വീട്. ഇതിനിടെയാണ് ഇവിടേക്ക് പൊലീസ് ജീപ്പെത്തിയ വിവരം അങ്കമാലി എസ്ഐയും സംഘവും അറിയുന്നത്. ഇതോടെ ഇവർ പരിശോധനയ്ക്ക് എത്തുകയായിരുന്നു. ഈ സംഘമെത്തുമ്പോൾ ഡിവൈഎസ്പിയും രണ്ട് പൊലീസുകാരും ഒരു പൊലീസ് ഡ്രൈവറും ഫൈസലിന്റെ വീട്ടിലുണ്ടായിരുന്നു. ആലപ്പുഴ ക്രൈം ഡിറ്റാച്മെന്റ് ഡിവൈഎസ്പി എംജി സാബു അടുത്ത വർഷം വിരമിക്കാനിരിക്കെയാണ് ഈ വിവാദം.

































