തിരു : അടുത്ത അഞ്ച് ദിവസങ്ങളിലായി പെയ്യുന്ന ശക്തമായ മഴയിൽ മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയുണ്ടെന്നും ശക്‌തമായ മഴ ലഭിക്കുന്ന മലയോര പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ സ്‌ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നഗരപ്രദേശങ്ങളിലും, താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും, മഴ തുടർന്നാൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായേക്കാനുമുള്ള സാധ്യത കൂടുതലാണെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
സാഹചര്യങ്ങൾ വിലയിരുത്തി വേണ്ടിവന്നാൽ ക്യാമ്പുകളിലേക്ക് മാറിത്താമസിക്കണമെന്നും, അടച്ചുറപ്പില്ലാത്ത വീടുകളിലും, മേൽക്കൂര ശക്തമല്ലാത്ത വീടുകളിലും താമസിക്കുന്നവർ പ്രത്യേകം ജാഗ്രതപാലിക്കണമെന്നും കുറിപ്പിൽ പറയുന്നു. അപകടാവസ്‌ഥ മുന്നിൽ കാണുന്നവർ, അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷാ നടപടികൾ കൈക്കൊള്ളണം. അപകടാവസ്‌ഥയിൽ നിൽക്കുന്ന മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കുകയും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

































